പട്‌ന- ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ആര്‍ജെഡി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ജെഡിയു ബിജെപി സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെയാണ് മഹാസഖ്യം അധികാരത്തില്‍ എത്തുന്നത്. 31 അംഗ മന്ത്രിസഭയില്‍ 16 മന്ത്രിമാരാണ് ആര്‍ജെഡിക്കുള്ളത്. 5 നിര്‍ദ്ദേശങ്ങളാണ് ആര്‍ജെഡി മന്ത്രിമാര്‍ക്ക് മുമ്പില്‍ തേജസ്വി യാദവ് മുന്നോട്ട് വയ്ക്കുന്നത്. മന്ത്രിമാരുടെ നടപടികളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് തേജസ്വി ആവശ്യപ്പെടുന്നു.
മന്ത്രിമാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്നാണ് ആദ്യ നിര്‍ദ്ദേശം. തങ്ങളേക്കാള്‍ മുതിര്‍ന്നയാളുകളെക്കൊണ്ട് കാലുതൊട്ട് വണങ്ങാന്‍ അനുവദിക്കരുതെന്നാണ് മറ്റൊരു നിര്‍ദ്ദേശം. കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്നും തേജസ്വി ആവശ്യപ്പെടുന്നു. എല്ലാ വകുപ്പുകളിലെയും പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്നും കൃത്യതയോടെ നടപ്പിലാക്കാന്‍ ശ്രമിക്കണമെന്നും തേജസ്വി ആവശ്യപ്പെടുന്നു.
പൂക്കളും ബൊക്കെകളും സമ്മാനമായി നല്‍കുന്നതിന് പകരം പുസ്തകങ്ങളോ പേനയോ നല്‍കുന്നത് പരിഗണിക്കണം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിമാര്‍ പൂര്‍ണ പിന്തുണ ഉറപ്പാക്കണമെന്ന് തേജസ്വി ആവശ്യപ്പെടുന്നു. വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എല്ലാ ജനങ്ങളോടും വളരെ മാന്യമായും വിനയത്തോടും പെരുമാറണമെന്നും പാവപ്പെട്ടവരെ സഹായിക്കാന്‍ മന്ത്രിമാര്‍ എപ്പോഴും സന്നദ്ധമായിരിക്കണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ വിവേചനങ്ങള്‍ പാടില്ലന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ തേജസ്വി യാദവ് ആവശ്യപ്പെടുന്നു.