Sorry, you need to enable JavaScript to visit this website.

ബസ്സില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കേസ്

കോയമ്പത്തൂര്‍-  ബസ് ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് തമിഴ്‌നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു. ഭേദഗതി അനുസരിച്ച് ബസില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ പോലീസിന് കേസെടുത്ത് അറസ്റ്റ് ചെയ്യാം. ഭേദഗതി അനുസരിച്ച് തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ലൈംഗിക അതിക്രമം, ലൈംഗിക താത്പര്യത്തോടെ സമീപിക്കല്‍ തുടങ്ങിയവയെല്ലാം ശിക്ഷാര്‍ഹമായ പ്രവൃത്തികളാണ്. യാത്രകളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ പുതുക്കിയ മോട്ടോര്‍ വാഹനനിയമം പ്രഖ്യാപിച്ചിട്ടുള്ളത്. 1989ലെ നിയമമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയിരിക്കുന്നത്.
സ്ത്രീ യാത്രക്കാരോടു മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടക്ടര്‍ ഇറക്കി വിടുകയോ പോലീസിനു കൈമാറുകയോ ചെയ്യണമെന്ന് പുതുക്കിയ നിയമത്തില്‍ വ്യക്തമാക്കുന്നു. ബസ്സിനുള്ളില്‍ വച്ച് സ്ത്രീകളോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍മാര്‍ക്കു കടുത്ത ശിക്ഷയാണ് ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്ത്രീകളെ മോശമായി സ്പര്‍ശിക്കുന്ന കണ്ടക്ടര്‍മാര്‍ക്കെതിരെ പോലീസിന് കേസെടുക്കാം. ലൈംഗിക ചുവയുള്ള തമാശകള്‍ പറയല്‍, മോശം കമന്റ് തുടങ്ങിയവയും ഗുരുതര കുറ്റൃത്യമാണ്. ബസുകളില്‍ കണ്ടക്ടര്‍മാര്‍ പരാതി പുസ്തകം സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാല്‍ ഇത് അധികൃതര്‍ക്കു മുന്നില്‍ ഹാജരാക്കണമെന്നും പുതിയ നിയമം നിര്‍ദേശിക്കുന്നു.
സ്ത്രീകള്‍ക്കെതിരെ ബസ്സില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ ഏതൊരു പുരുഷ യാത്രക്കാരനെയും സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് പുറത്താക്കേണ്ട ബാധ്യത കണ്ടക്ടര്‍ക്കുണ്ട്. സഹയാത്രികരോട് കൂടി സംസാരിച്ച് കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് യാത്രക്കാരനെ പോലീസിന് കൈമാറണം. സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ പരാതിയും യാത്രക്കാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്ത് നിജസ്ഥിതി എന്തെന്ന് ആദ്യം മനസ്സിലാക്കി വേണ്ട നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്വം കണ്ടര്‍ക്കാണ്.
 

Latest News