Sorry, you need to enable JavaScript to visit this website.

സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നു 

തിരുവനന്തപുരം- സെക്രട്ടറിയേറ്റ് മുതൽ ഗ്രാമതലങ്ങൾ വരെയുളള എല്ലാ സർക്കാർ ഓഫീസുകളിലും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. 
ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ലോക പരിസ്ഥിതി ദിനത്തിൽ കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കി പ്രഖ്യാപനം നടത്തുന്നതിനാവശ്യമായ നടപടികൾ എല്ലാ വകുപ്പ് മേധാവികളും സ്വീകരിക്കണം. ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിനുളള നിർദേശങ്ങൾ സംബന്ധിച്ച് സർക്കാർ സർക്കുലർ പുറപ്പെടുവിക്കും. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നത് സംബന്ധിച്ച് കർമ്മപദ്ധതി ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആർ അജയകുമാർ വർമ്മ യോഗത്തിൽ അവതരിപ്പിച്ചു. 
എല്ലാ ഓഫീസിലും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി രൂപീകരിച്ച് നോഡൽ ഓഫീസറെ നിയോഗിക്കും. അഴുകുന്നതും അഴുകാത്തതുമായ മാലിന്യം തംതിരിച്ച് ശേഖരിക്കാനായി പ്രത്യേകം ബിന്നുകൾ അതത് സ്ഥാപനങ്ങളിൽ സ്ഥാപിക്കുകയും അഴുകാത്ത മാലിന്യങ്ങൾ ശേഖരിക്കാൻ പ്രത്യേകം സ്ഥലം കണ്ടെത്തുകയും ചെയ്യണം. എല്ലാ പൊതു ചടങ്ങുകളിലും പ്രചാരണങ്ങൾക്കും തുണി ബാനറുകളും ബോർഡുകളും ഉപയോഗിക്കുന്നു എന്നുറപ്പാക്കുകയും വേണം.
പുനരുപയോഗിക്കാവുന്ന പാത്രങ്ങളിൽ മാത്രമേ ആഹാരം കൊണ്ടുവരാവൂ എന്ന് മേധാവികൾ ജീവനക്കാരോട് നിർദേശിക്കണം.  മെയ് 15 നകം ഓഫീസുകളിൽ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിക്കുകയും ഓഫീസിലുണ്ടാകുന്ന ജൈവ മാലിന്യങ്ങളുടെ തോതനുസരിച്ചുളള കമ്പോസ്റ്റ് ഉപാധികൾ സ്ഥാപിക്കുകയും കമ്പോസ്റ്റിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യണം. സ്റ്റീൽ, പോർസലൈൻ കപ്പുകളും പ്ലേറ്റുകളും വാങ്ങുക, നിശ്ചിത ഇടവേളകളിൽ അജൈവ പാഴ്‌വസ്തുക്കൾ ശേഖരിക്കാൻ തദ്ദേശ സ്ഥാപനവുമായോ, പാഴ് വസ്തു വ്യാപാരികളുമായോ, ക്ലീൻ കേരള കമ്പനിയുമായോ ധാരണയിലെത്തുക, ടോയ്ലറ്റുകൾ സ്ത്രീ സൗഹൃദമാക്കുക, ടോയ്ലറ്റുകളിൽ വെളളവും വെളിച്ചവും വൃത്തിയും ഉറപ്പാക്കുക തുടങ്ങിയ നടപടികൾ മെയ് 31 നകം സ്വീകരിക്കണം.
തരം തിരിച്ച് ശേഖരിച്ച അജൈവ മാലിന്യം നീക്കം ചെയ്യുന്നതിനുളള സംവിധാനം സംബന്ധിച്ച വിവരം എല്ലാ സ്ഥാപനങ്ങൾക്കും നൽകുന്നതിനുളള നടപടികൾ അതത് തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും കർമ്മ പദ്ധതിയിൽ പറയുന്നു. 
 

Latest News