Sorry, you need to enable JavaScript to visit this website.

വനം വകുപ്പ് മുട്ടുമടക്കി; മൂന്നാർ-ബോഡിമെട്ട് ദേശീയ പാത നിർമാണം പുനരാരംഭിച്ചു

പൂപ്പാറയിൽ ദേശീയ പാത നിർമാണം പുനരാരംഭിച്ചപ്പോൾ

ഇടുക്കി- ജനകീയ പ്രതിഷേധങ്ങൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ വനം വകുപ്പ് മുട്ടുമടക്കി. മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്ത് കൊച്ചി - ധനുഷ്‌കോടി ദേശീയ പാത കടന്നു പോകുന്നത് റവന്യൂ ഭൂമിയിലൂടെയെന്ന് സർക്കാർ ഉത്തരവിട്ടതോടെ ഏലമലക്കാട്ടിലൂടെയെന്ന വനം വകുപ്പിന്റെ വാദം പൊളിഞ്ഞു. ഇതേത്തുടർന്ന് മുടങ്ങിക്കിടന്നിരുന്ന പാത നിർമാണം പുനരാരംഭിച്ചു. ബോഡിമെട്ട് വരെയുള്ള 43 കിലോമീറ്റർ ദൂരം 381 കോടി രൂപ ചെലവിൽ കേന്ദ്ര ഫണ്ട് വിനിയോഗിച്ചാണു നിർമിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി മൂന്നാറിൽ എത്തി നിർവഹിച്ചിരുന്നു. ദേവികുളം ഗ്യാപ്പ് ഭാഗത്ത് പാറ പൊട്ടിച്ച് നീക്കുന്നതും വീതി വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണു സി. എച്ച് .ആറിന്റെ പേരിൽ വനം വകുപ്പ് എതിർപ്പുമായെത്തിയത്. ബോഡിമെട്ടിനു മുമ്പായുള്ള 14 കിലോമീറ്റർ ഭാഗം ഏലമലക്കാടുകളിലൂടെയും മറ്റ് ഭാഗങ്ങളിൽ എച്ച് .എം. എൽ, ടാറ്റാ കമ്പനികളുടെ സ്ഥലത്തുകൂടിയും, പുറംപോക്കിൽ കൂടിയുമാണ് കടന്നു പോകുന്നതെന്നു കാണിച്ച് സ്റ്റോപ്പ് മെമ്മോ നൽകി. ഇതോടെ നിർമാണം പാടേ നിലച്ച സ്ഥിതിയിലായി.
കരാർ ഉറപ്പിച്ച് 24 മാസത്തിനകം നിർമാണം പൂർത്തിയാക്കാമെന്ന അധികൃതരുടെ പ്രതീക്ഷയും നാട്ടുകാരുടെ വികസന സ്വപ്‌നങ്ങളും ഇതോടെ പൊലിഞ്ഞു. ദ്രുതഗതിയിൽ നടന്നു വന്നിരുന്ന ജോലികൾ റവന്യൂ ഭൂമിയിൽ മാത്രമായി ഒതുങ്ങി. ഇത് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ വൻ ജനകീയ പ്രതിഷേധത്തിനു ഇടയാക്കി.
ജോയ്‌സ് ജോർജ് എം. പി ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്ന് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ട് അന്വേഷണം നടത്തുകയും റോഡ് കടന്നുപോകുന്നത് റവന്യൂ ഭൂമിയിൽ കൂടിയാണെന്നും വനം വകുപ്പിന് യാതൊരുവിധ അവകാശവുമില്ലെന്നും കണ്ടെത്തുകയും ചെയ്തു.ഇതേത്തുടർന്നാണു നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്. ഇന്നലെ ജോയ്‌സ് ജോർജിന്റെ സാന്നിധ്യത്തിൽ പൂപ്പാറയിൽ ജോലികൾ ആരംഭിച്ചു.തുടർന്ന് നാട്ടുകാർ അദ്ദേഹത്തിനു സ്വീകരണം നൽകി. 

 

Latest News