Sorry, you need to enable JavaScript to visit this website.

ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്

ന്യൂദൽഹി- ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സി.ബി.ഐ സംഘം റെയ്ഡ് നടത്തി. മദ്യനയം സംബന്ധിച്ച് ആം ആദ്മി സർക്കാറിനെതിരെ ബി.ജെ.പി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് മനീഷ് സിസോദിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. മനീഷ് സിസോദിയയുടെ ദൽഹിയിലെ വീട്ടിലും ഏഴ് സംസ്ഥാനങ്ങളിലായി 20 സ്ഥലങ്ങളിലുമാണ് സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്. 
നവംബറിൽ ആരംഭിച്ച ദൽഹി എക്സൈസ് നയം പ്രകാരം മദ്യഷാപ്പ് ലൈസൻസുകൾ സ്വകാര്യ കമ്പനികൾക്ക് കൈമാറിയതിനെ കുറിച്ച് അന്വേഷണ ഏജൻസി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. 
സർക്കാർ മദ്യവിൽപ്പനശാലകളിലെ അഴിമതി തടയുന്നതിനാണ് നയമെന്ന് എക്‌സൈസ് വകുപ്പിന്റെ മേൽനോട്ടം വഹിക്കുന്ന മനീഷ് സിസോദിയ പറഞ്ഞിരുന്നു. ഇന്ന്(വെള്ളി)രാവിലെ ഏഴു മണി മുതലാണ് സി.ബി.ഐ സംഘം റെയ്ഡിന് എത്തിയത്. 
'സി.ബി.ഐ ഇവിടെ എന്റെ വസതിയിൽ ഉണ്ടെന്നും ഞാൻ അന്വേഷണ ഏജൻസിയുമായി സഹകരിക്കും എനിക്കെതിരെ ഒന്നും കണ്ടെത്താൻ അവർക്ക് കഴിയില്ലെന്നും സിസോദിയ വ്യക്തമാക്കി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ദൽഹി സർക്കാർ നടത്തിയ മികച്ച പ്രവർത്തനങ്ങളിൽ കേന്ദ്രം അസ്വസ്ഥരാണെന്നും അതിനാലാണ് ഇരു വകുപ്പുകളിലെയും മന്ത്രിമാരെ ലക്ഷ്യമിട്ടതെന്നും സിസോദിയ പറഞ്ഞു. ദൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ മെയ് മുതൽ ജയിലിലാണ്.
രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയുള്ള നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് തന്റെ പാർട്ടിയെ തടയാൻ ഒരു റെയ്ഡിനും കഴിയില്ലെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.  ഞങ്ങളുടെ പാതയിൽ നിരവധി തടസ്സങ്ങൾ സൃഷ്ടിക്കപ്പെടും. മുൻകാലങ്ങളിലും റെയ്ഡുകൾ ഉണ്ടായിട്ടുണ്ട്, പക്ഷേ ഒന്നും പുറത്തുവന്നില്ല, ഇത്തവണയും ഒന്നും പുറത്തുവരില്ല. ഞങ്ങൾ സി.ബി.ഐയുമായി പൂർണ്ണമായും സഹകരിക്കും,' അദ്ദേഹം പറഞ്ഞു.
എതിരാളികളെ തകർക്കാനുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ് ബിജെപി തങ്ങളുടെ മന്ത്രിമാരെ നിരന്തരം ലക്ഷ്യമിടുന്നതെന്ന് എ.എ.പി ആരോപിച്ചു. 'ദൽഹി വിദ്യാഭ്യാസ മാതൃകയെ പുകഴ്ത്തുകയും അമേരിക്കയിലെ ഏറ്റവും വലിയ പത്രമായ ന്യൂയോർക്ക് ടൈംസിന്റെ മുൻ പേജിൽ മനീഷ് സിസോദിയയുടെ ചിത്രം അച്ചടിക്കുകയും ചെയ്ത ദിവസമാണ് സിസോദിയയുടെ വാതിൽപ്പടിയിൽ സി.ബി.െഎ ഇറങ്ങിയതെന്ന്' കെജ്രിവാൾ പറഞ്ഞു. മനീഷ് സിസോദിയ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയാണെന്ന് ന്യൂയോർക്ക് ടൈംസിന്റെ കവറേജ് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ എക്സൈസ് നയത്തിൽ ദൽഹി സർക്കാർ അഴിമതി നടത്തിയെന്ന് ആരോപിച്ച ബി.ജെ.പി നേതാവും മന്ത്രിയുമായ അനുരാഗ് താക്കൂർ, സിബിഐ അന്വേഷണത്തെക്കുറിച്ചുള്ള ഭയമാണ് അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും സി.ബി.ഐ റെയ്ഡുകളെ വിദ്യാഭ്യാസ മേഖലയിൽ അവർ നടത്തിയ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് ആരോപിച്ചു. 
ദൽഹി സർക്കാരിന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള വ്യക്തികൾക്ക് സാമ്പത്തിക നേട്ടങ്ങൾക്കായി സ്വകാര്യ മദ്യവ്യവസായികൾക്ക് നേട്ടമുണ്ടാക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് എ.എ.പി എക്‌സൈസ് നയം കൊണ്ടുവരുന്നതെന്ന് ആരോപിച്ച് ദൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.
 

Latest News