ജിദ്ദ - ഈ മാസം 27 ന് ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ സംഘടിപ്പിക്കുന്ന ഗുസ്തി മത്സര പ്രദർശനത്തിൽ ലോക പ്രശസ്ത ഗുസ്തി താരങ്ങൾ പങ്കെടുക്കുന്ന രണ്ടു മത്സരങ്ങൾ നടക്കുമെന്ന് വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റ് അറിയിച്ചു. പത്തു റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഈ മാസം പതിമൂന്നു മുതൽ ഓൺലൈൻ വഴി ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലെ ജനറൽ സ്‌പോർട്‌സ് അതോറിറ്റി ഓഫീസുകളിലും ടിക്കറ്റ് വിൽപനയുണ്ട്. ഏപ്രിൽ 25 മുതൽ ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിലും ടിക്കറ്റുകൾ ലഭ്യമാകും.
ഉയർന്ന നിരകളിലെ സീറ്റുകൾക്കാണ് പത്തു റിയാൽ നിരക്ക്. താഴെ നിരകളിലെ സീറ്റുകളിൽ ഇരുന്ന് മത്സരങ്ങൾ വീക്ഷിക്കുന്നതിന് 20 റിയാലിന്റെ ടിക്കറ്റുകൾ എടുക്കേണ്ടിവരും. ഫാമിലികൾക്കുള്ള ഗോൾഡൻ ടിക്കറ്റുകൾക്ക് 100 റിയാലാണ് നിരക്ക്. ഫാമിലികൾക്ക് 300 റിയാലിന്റെ വി.ഐ.പി ടിക്കറ്റുകളും ലഭ്യമാണ്. വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റിനു കീഴിലെ 50 താരങ്ങൾ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കും. സൗദിയിൽ ആദ്യമായാണ് ഗുസ്തി മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
തീർത്തും വ്യത്യസ്തമായ ഗ്രേയ്റ്റസ്റ്റ് റോയൽ റംബിൾ പ്രദർശനമാണ് ജിദ്ദയിൽ സംഘടിപ്പിക്കുന്നതെന്നും ഇത് ചരിത്ര സംഭവമായിരിക്കുമെന്നും വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റ് സി.ഇ.ഒ വിൻസ് മക്മാഹൻ പറഞ്ഞു.
സൗദിയിൽ പത്തു വർഷത്തേക്ക് ഗുസ്തി മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള കരാറിൽ സൗദി ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് ഒന്നര മാസം മുമ്പ് വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റുമായി ഒപ്പുവെച്ചിരുന്നു.
തുർക്കി ആലുശൈഖും വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റ് സി.ഇ.ഒ വിൻസ് മക്മാഹനും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ സൗദി ജനറൽ സ്‌പോർട്‌സ് അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഗ്രേയ്റ്റസ്റ്റസ് റോയൽ റംബിൾ' പ്രദർശനത്തിൽ വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റ് സി.ഇ.ഒയും സന്നിഹിതനാകും.