Sorry, you need to enable JavaScript to visit this website.

നിയന്ത്രണം വിടുന്ന സി.പി.എം അണികൾ

കൊലപാതകത്തോളം എത്തിയില്ലെങ്കിലും ചെറുതും വലുതുമായ ചേരിപ്പോരുകൾ എല്ലാ ജില്ലകളിലും ഇന്ന് സി.പി.എം നേരിടുന്നുണ്ട്. അവയിൽ പലതും പാർട്ടിക്കുള്ളിൽ നുഴഞ്ഞുകയറിയ പുത്തൻ കൂറ്റുകാർ വരുത്തിവെക്കുന്നതാണ്. ഇത്തരക്കാരെ നിയന്ത്രിക്കാതെ അവരുടെ തോന്ന്യാസത്തിന് വിട്ടാൽ കേരളത്തിലെ സി.പി.എം ബംഗാളിലെ അവസ്ഥയിലെത്താൻ അധികകാലമൊന്നും വേണ്ട. യഥാർഥ സി.പി.എം പ്രവർത്തകർക്കും ബോധ്യമുള്ള കാര്യമാണിത്. 


പാലക്കാട് മലമ്പുഴയിൽ കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകനെ, അടുത്ത കാലം വരെ ഒപ്പം പ്രവർത്തിച്ച സഖാക്കൾ വെട്ടിക്കൊലപ്പെടുത്തി എന്ന വാർത്ത അൽപം അമ്പരപ്പോടെയാണ് കേരളം കേട്ടത്. കൊലയാളികളായ ആ പഴയ സഖാക്കൾ ഇപ്പോൾ പാർട്ടി വിട്ട് ബി.ജെ.പിയിലാണെന്നാണ് അവിടെയുള്ള സി.പി.എം നേതാക്കൾ പറയുന്നത്. സി.പി.എം പോലെ ശക്തമായ സംഘടന സംവിധാനവും ആശയ അടിത്തറയുമുള്ള ഒരു പാർട്ടിയിൽനിന്ന് മുൻകാലങ്ങളിലൊന്നും കേട്ടിട്ടില്ലാത്ത കാര്യമാണിത്.
സി.പി.എം പ്രവർത്തകർ പാർട്ടി വിടുന്നതും മറ്റ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുന്നതുമൊന്നും പുതിയ കാര്യമല്ല. എന്നാൽ അതത്ര വ്യാപകമല്ല. കാരണം പാർട്ടി വിട്ടുപോകുന്ന സി.പി.എം പ്രവർത്തകർക്ക് കേരളത്തിൽ എവിടെയാണെങ്കിലും പിടിച്ചുനിൽക്കാൻ പ്രയാസമാണ്. അവരെ ശത്രുക്കളെ പോലെ കണ്ട് ഒറ്റപ്പെടുത്തുകയോ കായികമായി ആക്രമിക്കുകയോ കൊലപ്പെടുത്തുകയോ ഒക്കെ ചെയ്യുന്നതാണ് സി.പി.എമ്മിന്റെ രീതി. കേരളത്തിൽ എല്ലാ ജില്ലകളിലും ഇങ്ങനെ സി.പി.എം വിട്ടതിന്റെ പേരിൽ ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്ത എത്രയോ പേരുണ്ട്. അതുകൊണ്ടു തന്നെ സി.പി.എം വിട്ടുപോകാൻ അപാര ധൈര്യം വേണം. അങ്ങനെ പാർട്ടി വിടുന്നവർ പ്രദേശത്ത് ശക്തമായ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയാണ് പതിവ്. അതിന് മുതിരാതെ കമ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച് നിന്ന് സ്വന്തമായി പാർട്ടി രൂപീകരിച്ച് കരുത്ത് കാട്ടിയ ടി.പി. ചന്ദ്രശേഖരന്റെ അനുഭവം, കേരളത്തിന്റെ നടുക്കുന്ന ഓർമയാണ്.


ഇതിൽനിന്നെല്ലാം വ്യത്യസ്തമായി സി.പി.എം വിട്ടു എന്നു പറയുന്നവർ, തിരിച്ചു സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തി എന്നതാണ് മലമ്പുഴയിലെ ദാരുണ സംഭവത്തെ വ്യത്യസ്തമാക്കുന്നത്. കൊലപാതകത്തിനു പിന്നാലെ സി.പി.എം പ്രാദേശിക നേതാക്കൾ ആരോപിച്ചത് അക്രമികൾ ബി.ജെ.പിക്കാരാണെന്നാണ്. എന്നാൽ അത് ശരിയല്ലെന്ന വിവരം വൈകാതെ പുറത്തു വന്നു. ഷാജഹാനെ കൊലപ്പെടുത്തിയത് സി.പി.എം പ്രവർത്തകർ തന്നെയാണെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു സി.പി.എം പ്രവർത്തകൻ തന്നെ ചാനലുകളോട് പറഞ്ഞു. അതോടെ പ്രതികൾ മുമ്പ് സി.പി.എമ്മിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ പാർട്ടി മെംബർമാരോ, ഭാരവാഹിത്വം ഉള്ളവരോ അല്ലെന്ന വാദവുമായി പ്രാദേശിക നേതാക്കൾ രംഗത്തു വന്നു. പ്രതികൾ ഇപ്പോൾ സംഘപരിവാറുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നും അവർ ആവർത്തിച്ചു. എന്നാൽ പ്രതികൾക്ക് തങ്ങളുമായി ബന്ധമില്ലെന്നും അവർ സി.പി.എമ്മുകാർ തന്നെയാണെന്നും സി.പി.എമ്മിലെ ചേരിപ്പോരാണ് ഈ കൊലപാതകത്തിന് കാരണമെന്നുമാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനടക്കം കോൺഗ്രസ് നേതാക്കൾ പറയുന്നതും സി.പി.എമ്മിലെ ചേരിപ്പോരാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ്. കൊലപാതകത്തിന് പിന്നാൽ രാഷ്ട്രീയമല്ല, വ്യക്തിവൈരാഗ്യമാണെന്ന് ആദ്യം പറഞ്ഞ പോലീസ്, പക്ഷേ ഇത് രാഷ്ട്രീയ കൊലപാതകമെന്ന നിലയിലാണ് എഫ്.ഐ.ആർ തയാറാക്കിയിരിക്കുന്നത്. 


ഏതായാലും പ്രതികളെല്ലാം പോലീസ് കസ്റ്റഡിയിലായിക്കഴിഞ്ഞു. എല്ലാവരും മുൻ സി.പി.എം പ്രവർത്തകരാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അവരിൽ പലരും ഇപ്പോഴും സി.പി.എം അനുഭാവികളോ പ്രവർത്തകരോ ആണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം പോലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിട്ടവരും പ്രതിപ്പട്ടികയിലുണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
തങ്ങളുടെ സഖാവിനെ കൊന്നത് തങ്ങളുടെ തന്നെ മുൻ പ്രവർത്തകരാണെന്ന കാര്യം സി.പി.എം ഏതായാലും സമ്മതിക്കുന്നുണ്ട്. പ്രതികൾ ബി.ജെ.പിക്കാരാണെന്ന സി.പി.എം പ്രാദേശിക നേതാക്കളുടെ ആരോപണം പക്ഷേ, പാർട്ടി സംസ്ഥാന നേതൃത്വമോ, മുഖ്യമന്ത്രി പിണറായി വിജയനോ ഏറ്റെടുത്തിട്ടില്ല.


കൊല്ലപ്പെട്ട ഷാജഹാൻ തെരഞ്ഞെടുപ്പിലൂടെ പാർട്ടി ഭാരവാഹിത്വം നേടിയതിനെ തുടർന്ന് സി.പി.എം പ്രാദേശിക തലത്തിൽ രൂപം കൊണ്ട ചേരിപ്പോരാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നാട്ടുകാരും ഷാജഹാന്റെ ബന്ധുക്കളുമായ ചിലരും പറയുന്നത്. പ്രതികളിൽനിന്ന് ഷാജഹാന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്നും തന്റെ തന്നെ പഴയ സഖാക്കളായതിനാൽ അവരുടെ ഭീഷണി ഷാജഹാൻ കാര്യമായെടുത്തില്ലെന്നും അവർ പറയുന്നു. ഇത് സത്യമാണെങ്കിൽ ഇവിടെ ശരിക്കും പ്രതിക്കൂട്ടിലാവുന്നത് സി.പി.എം പ്രാദേശിക നേതൃത്വം തന്നെയാണ്. പ്രാദേശിക ചേരിപ്പോര് കൊലപാതകത്തിൽ കലാശിക്കുംവരെ രൂക്ഷമായിട്ടും അത് തടയാനോ പ്രവർത്തകരെ നിയന്ത്രിക്കാനോ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നത് വലിയൊരു വീഴ്ച തന്നെയാണ്. 
എന്നാൽ അതിനേക്കാൾ ഗുരുതരമായ കാര്യം തങ്ങൾക്കിഷ്ടമില്ലാത്തവൻ സ്വന്തം പാർട്ടിക്കാരൻ തന്നെയാണെങ്കിലും കൊന്നുതള്ളാനുള്ള സി.പി.എം പ്രവർത്തകരുടെ മനോഭാവമാണ്. ഈ വസ്തുത മറച്ചുവെക്കാനാണ് പ്രതികൾ ബി.ജെ.പിക്കാരാണെന്ന ആരോപണം സി.പി.എം നേതാക്കൾ മുൻകൂട്ടി എറിഞ്ഞത്. ഇവർ ആരോപിക്കും പോലെ ബി.ജെ.പിക്കാരായിരുന്നു പ്രതികളെങ്കിൽ സി.പി.എമ്മിന്റെ ഒരു രീതിവെച്ച് ഇതിനകം പ്രത്യാക്രമണം നടക്കേണ്ടതായിരുന്നു. പക്ഷേ ഇതുവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.


പതിനഞ്ചോ ഇരുപതോ വർഷം മുമ്പ് കേരളത്തിൽ ഉണ്ടായിരുന്ന സി.പി.എം അല്ല, ഇപ്പോഴത്തെ പാർട്ടി എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷാജഹാന്റെ കൊലപാതകം. സി.പി.എം എന്ന പാർട്ടി എക്കാലത്തേക്കാളും ശക്തമാണ് ഇന്ന് കേരളത്തിൽ എന്നത് തർക്കമറ്റ വസ്തുതയാണ്. എന്നാൽ പ്രത്യയശാസ്ത്രത്തിന്റെ മഹത്വം കണ്ടൊന്നുമല്ല ആളുകൾ ഇപ്പോൾ പാർട്ടിയുമായി അടുക്കന്നത് എന്നതാണ് മറ്റൊരു പരമാർഥം. സി.പി.എമ്മുമായി ചേർന്നുനിന്നാൽ എന്ത് തെമ്മാടിത്തവും തോന്ന്യാസവും കാണിക്കാമെന്ന ബോധ്യത്തിൽ ഈ പാർട്ടിക്കുള്ളിൽ നുഴഞ്ഞുകയറിയ വലിയൊരു വിഭാഗമുണ്ട്. അതിൽ വർഗീയവാദികളുണ്ട്, അഴിമതിക്കാരുണ്ട്, ഗുണ്ടകളും ക്വട്ടേഷൻ നേതാക്കളുമുണ്ട്, കള്ളക്കടത്തുകാരും സ്വർണക്കടത്തുകാരുമുണ്ട്, കഞ്ചാവ്-ലഹരി കടത്തുകാരുണ്ട്, പലവിധത്തിലുള്ള സാമൂഹ്യ വിരുദ്ധരുണ്ട്. ഇവർക്കൊന്നും ഒരു തരത്തിലുള്ള കമ്യൂണിസ്റ്റ് ബന്ധമോ, മൂല്യബോധമോ ഇല്ല. പാർട്ടിയുടെ മറവിൽ തങ്ങളുടെ സ്ഥാപിത താൽപര്യങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുക മാത്രമാണ് അജണ്ട. ചെഗുവേരയുടെ പടം ദേഹത്ത് പച്ചകുത്തുക, അല്ലെങ്കിൽ ചെഗുവേര ടീഷർട്ടുകൾ ധരിക്കുക, പിണറായി വിജയനെ പുകഴ്ത്തി ഫെയ്‌സ്ബുക്കിൽ പോസ്റ്റിടുക എന്നതാണ് ഇവരുടെ രാഷ്ട്രീയ പ്രവർത്തനം. രാഷ്ട്രീയ സംഘർഷമുണ്ടാവുമ്പോൾ അത് കോൺഗസുമായോ മുസ്‌ലിം ലീഗുമായോ ആണെങ്കിൽ അവരുടെ പാർട്ടി ഓഫീസുകളും കൊടിമരങ്ങളും നശിപ്പിക്കുക എന്നതാണ് ഇക്കൂട്ടർ ചെയ്യുന്ന മഹാ വിപ്ലവ പ്രവർത്തനം. ഈ ആവേശം പക്ഷേ ബി.ജെ.പിയോടോ എസ്.ഡി.പി.ഐയോടോ കാണിക്കില്ല. തടി കേടാകുമെന്നതു തന്നെ കാരണം.


ഒരു കാലത്ത് സി.പി.എമ്മിൽ ഒരാൾക്ക് അംഗത്വം കിട്ടുന്നത് കർശനമായ നിരീക്ഷണങ്ങൾക്കും പലവിധ കടമ്പകൾക്കും ശേഷമായിരുന്നു. വ്യക്തമായ പ്രത്യയശാസ്ത്ര ബോധമുള്ളവർക്കേ ആ പാർട്ടിക്കുള്ളിൽ എത്താൻ കഴിയുമായിരുന്നുള്ളൂ. കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് ചേരാത്ത എന്തെങ്കിലും ചിന്താഗതി പുലർത്തുന്നവർക്ക് അങ്ങോട്ട് അടുക്കാനേ കഴിഞ്ഞിരുന്നില്ല. ഇന്ന് കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ മുള്ള് മുരട് മൂർഖൻ പാമ്പ് വരെയുണ്ട് പാർട്ടിയിൽ. ഇന്ന് സി.പി.എമ്മിലെങ്കിൽ നാളെ ആർ.എസ്.എസിലേക്കോ എസ്.ഡി.പി.ഐയിലേക്കോ പോകാൻ ഒരു മനഃസാക്ഷിക്കുത്തുമില്ലാത്തവർ.
വി.എസ.് അച്യുതാനന്ദന്റെ പ്രഭാവം അസ്തമിക്കുകയും പിണറായി വിജയന്റെ ആധിപത്യം ശക്തമാവുകയും ചെയ്തതോടെയാണ് സി.പി.എമ്മിൽ ഇത്തരമൊരു അപചയം ഉണ്ടായതെന്ന് യഥാർഥ കമ്യൂണിസ്റ്റുകൾ പോലും ഉള്ളാലെ സമ്മതിക്കും. ഇങ്ങനെ സ്ഥാപിത താൽപര്യങ്ങളുമായി സി.പി.എമ്മിനുള്ളിൽ കടന്നുകൂടിയവർ ഇന്ന് പാർട്ടിയിലെ പ്രമുഖ സ്ഥാനങ്ങൾ വഹിക്കുന്നവരോ എം.എൽ.എമാരോ ഒക്കെയാണ്. പാർട്ടിയെ തൻകാര്യ സാധ്യത്തിന് ഉപയോഗിക്കുന്നവരാണ് ഇവരിലധികവും. അതിൽ പലവിധത്തിലുള്ള അഴിമതികൾ മുതൽ ഭാര്യക്കും കുടുംബാംഗങ്ങൾക്കും അനധികൃതമായി സർക്കാർ നിയമനങ്ങൾ ഒപ്പിച്ചെടുക്കുന്നതുമെല്ലാം പെടും. അവർക്ക് പാർട്ടി എന്നത് ഇത്തരം കാര്യങ്ങൾക്കുള്ള ഉപകരണം മാത്രമാണ്. അല്ലാതെ എന്തു കമ്യൂണിസ്റ്റ് ബോധം? എന്ത് തോന്ന്യാസം കാട്ടിയാലും സോഷ്യൽ മീഡിയയിൽ ന്യായീകരിക്കാനും വിമർശിക്കുന്നവരെയെല്ലാം ഭള്ളു വിളിക്കാനും ഒരു സംഘം രംഗത്തിറങ്ങുമെന്നതാണ് ഇവരുടെ ധൈര്യം. അസഹിഷ്ണുതയാണ് ഇവരുടെ സ്ഥായിയായ ഭാവം.


ഇത്തരം നേതാക്കളുടെ നയവും സമീപനവും കണ്ടു പഠിക്കുന്ന പ്രവർത്തകരും അണികളും ഒരു അറപ്പുമില്ലാതെ എന്തും ചെയ്യുന്നതിന്റെ ഉദാഹരണമാണ് പാലക്കാട്ടെ കൊലപാതകം. തങ്ങൾക്കിഷ്ടമില്ലാത്തവൻ ആരാണെങ്കിലും അവനെ തീർക്കുക എന്ന ഗുണ്ട ലൈനാണ് അവിടെ കണ്ടത്. കൊലപാതകത്തോളം എത്തിയില്ലെങ്കിലും ചെറുതും വലുതുമായ ചേരിപ്പോരുകൾ എല്ലാ ജില്ലകളിലും ഇന്ന് സി.പി.എം നേരിടുന്നുണ്ട്. അവയിൽ പലതും പാർട്ടിക്കുള്ളിൽ നുഴഞ്ഞുകയറിയ പുത്തൻ കൂറ്റുകാർ വരുത്തിവെക്കുന്നതാണ്. ഇത്തരക്കാരെ നിയന്ത്രിക്കാതെ അവരുടെ തോന്ന്യാസത്തിന് വിട്ടാൽ കേരളത്തിലെ സി.പി.എം ബംഗാളിലെ അവസ്ഥയിലെത്താൻ അധികകാലമൊന്നും വേണ്ട. യഥാർഥ സി.പി.എം പ്രവർത്തകർക്കും ബോധ്യമുള്ള കാര്യമാണിത്. പക്ഷേ ഈ പിണറായിക്കാലത്ത് പൂച്ചക്ക് മണികെട്ടാൻ ആർക്കും ധൈര്യമില്ലെന്ന് മാത്രം.

Latest News