ബെംഗളൂരു- വാടകക്ക് താമസിക്കാന്‍ ഒരു വീട് ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ദയാവധത്തിന് അനുമതി തേടി ട്രന്‍സ് യുവതി. കര്‍ണാടക സ്വദേശി റിഹാനയാണ് തന്റെ ദുരിതമേറിയ ജീവിതാനുഭവം മാധ്യമങ്ങളുമായി പങ്കുവെച്ചത്. പല വാതിലുകളും മുട്ടിയെങ്കിലും തനിക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് റിഹാന പറയുന്നു. സൗജന്യമായി തനിക്ക് വീട് വേണ്ട എന്നും റിഹാന വ്യക്തമാക്കി.
കര്‍ണാടകയിലെ കുടക് ജില്ല കമ്മീഷണര്‍ക്കാണ് ദയാവധത്തിന് അനുമതി തേടി റിഹാന കത്ത് നല്‍കിയത്. മടിക്കേരി സ്വദേശിനിയാണ് റിഹാന. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായായതുകൊണ്ട് തനിക്ക് ആരും താമസിക്കാന്‍ ഒരു വീട് തരാന്‍ തയ്യാറാകുന്നില്ലെന്ന് റിഹാന മാധ്യമങ്ങളോട് പറഞ്ഞു. പല തവണ പോലീസിനെ സമീപിച്ചെങ്കിലും അനുകൂലമായ ഒരു നടപടി സ്വീകരിച്ചിട്ടില്ലെന്നും റിഹാന കൂട്ടിച്ചേര്‍ത്തു. ദയാവധം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഭിക്ഷ യാചിച്ചാണ് റിഹാന ജീവിക്കുന്നത്. ലോഡ്ജില്‍ താമസിക്കുന്ന തനിക്ക് സൗജന്യമായി വീട് വേണ്ട എന്നും വാടക നല്‍കാന്‍ തയ്യാറാണെന്നും റിഹാന വ്യക്തമാക്കി. ഡിസ്ട്രിക്ട് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സഹായം തേടി പല തവണ കത്ത് നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.വാടകക്ക് വീട് നല്‍കാന്‍ വീട്ടുടമസ്ഥര്‍ തയ്യാറാകാത്തതാണ് പ്രശ്‌നമാകുന്നത്. ഗാലിബിഡുവിലോ ജംബുറിലോ വീട് വാടകക്ക് എടുത്ത് നല്‍കാന്‍ സഹായിക്കുമോ എന്നും റിഹാന പോലീസിനോട് ചോദിച്ചിരുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ ഇനിയും മാനസിക പീഡനം അനുഭവിക്കാന്‍ കഴിയില്ലെന്നും ദയാവധം എന്ന് നടത്താന്‍ കഴിയുമെന്നും ചോദിച്ചുകൊണ്ടാണ് ഡിസ്ട്രിക്ട് കമ്മീഷണര്‍ ഡോ. സതീഷ ബി സിക്ക് റിഹാന ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറായി ജനിച്ചത് തന്റെ കുഴപ്പമാണോ എന്നും മാനുഷിക മൂല്യങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലേ എന്നും റിഹാന ചോദിക്കുന്നു. ഇന്ത്യന്‍ പൗരന്മാരായ തങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമില്ലേ എന്നാണ് റിഹാനയുടെ ചോദ്യം.