ന്യൂദല്‍ഹി- ദല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ഏഴു ഉപദേഷ്ടാക്കളെ പിരിച്ചു വിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് എഎപി നേതാവ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മുന്‍ ഉപദേഷ്ടാവും എഎപി നേതാവുമായ രാഘവ് ചന്ദയാണ് കേന്ദ്ര നടപടിയെ പരിഹസിച്ച് 75-ദിവസത്തെ തന്റെ സേവനത്തിനു ലഭിച്ച 2.50 രൂപ ശമ്പളം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് അയച്ചു കൊടുത്തത്. ഈ നിസ്സാര തുകയുടെ ഡ്രാഫ്റ്റിനൊപ്പം ഒരു പരിഹാസം നിറഞ്ഞ കത്തും അദ്ദേഹം ആഭ്യന്തര മന്ത്രിക്കെഴുതി.
'എന്റെ സേവനത്തിന് പ്രതിമാസം ഒരു രൂപയാണ് ഓണറേറിയമായി ലഭിച്ചിരുന്നത്. ഇതുവരെ എനിക്കു ലഭിച്ചത് 2.50 രൂപ എന്ന വന്‍തുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് രണ്ടു വര്‍ഷം മുമ്പ് 75 ദിവസം ഞാന്‍ ചെയ്ത ജോലിയില്‍ നിന്നും മുന്‍കാലപ്രാബല്യത്തോടെ എന്നെ പുറത്താക്കിയ ഉത്തരവ് ഞാന്‍ അംഗീകരിക്കുന്നു. പുറത്താക്കപ്പെട്ടവരുടെ പട്ടികയിലെ മറ്റുള്ളവരെ പോലെ എന്റേയും ഉദ്ദേശം ദല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു,' പരിഹാസ സ്വരത്തിലുള്ള കത്തില്‍ ചന്ദ പറയുന്നു.
'ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലെഴുതി ഈ കത്തിനൊപ്പം വച്ചിട്ടുള്ള 2.50 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ദയവു ചെയ്തു സ്വീകരിക്കണം. ഉപദേഷ്ടാവ് എന്ന എന്റെ പദവിയിലിരുന്ന ഞാന്‍ നേടിയ ഈ തുക എന്റെ പശ്ചാത്താപമായി സ്വീകരിക്കണം,' ചന്ദ എഴുതി. യാതൊരു യോഗ്യതയും ഇല്ലാതിരുന്നിട്ടും ബിജെപി നേതാവ് സാംബിത് പത്രയെ പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയില്‍ ഡയറക്ടറായി നിയമിച്ചതും ബിജെപി നേതാവ് ഷാസിയ ഇല്‍മിയെ എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡില്‍ നിയമിച്ചതും മധ്യപ്രദേശിലെ ആള്‍ദൈവത്തെ ഉന്നത സര്‍ക്കാര്‍ പദവിയില്‍ നിയമിച്ചതും ചന്ദ കത്തില്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.