ന്യൂദല്‍ഹി- ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിചേര്‍ക്കെപ്പെട്ടിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ വിചാരണയ്ക്കിടെ മരണപ്പെട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും ഇതു സംബന്ധിച്ച് അന്വേഷണം വേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പറ്റം ഹരജികളില്‍ തീര്‍പ്പാക്കി കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. ലോയയുടേത് സ്വാഭാവിക മരണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ ഹൃദയാഘാതം മൂലമാണ് ലോയ മരണപ്പെട്ടതെന്ന് രേഖകള്‍ വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ലോയയുടെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളില്‍ ദുരൂഹതകളുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. അമിത് ഷാ കൂടി ഉള്‍പ്പെട്ട കേസായിരുന്നതിനാലാണ് ദുരൂഹതകള്‍ക്കിടയാക്കിയത്. കേസില്‍ പിന്നീട് ഷാ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.
ലോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിലും ആശുപത്രിയിലേക്ക് കൊണ്ടു പോയതിലും ദുരൂഹമായ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രി രേഖകളില്‍ തിരിമറി നടന്നതായും ചില രേഖകള്‍ ഉയര്‍ത്തിക്കാട്ടി ഹരജിക്കാര്‍ വാദിച്ചെങ്കിലും ഇതെല്ലാം കോടതി തള്ളി.