Sorry, you need to enable JavaScript to visit this website.

സി.എ.എക്കെതിരെ വീണ്ടും തെരുവില്‍; അസമിലും മേഘാലയയിലും പ്രതിഷേധം

ഗുവാഹത്തി-  വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ)  അസമിലും മേഘാലയയിലും പ്രതിഷേധം പുനരാരംഭിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പ്രതിഷേധം തുടങ്ങിയിരിക്കുന്നത്.  അസമിലുടനീളം പ്രതിഷേധ പരിപാടികള്‍ നടന്നു.
കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍.എസ്.ഒ) ഭാഗമായ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ അംഗങ്ങളുടെ പ്രതിഷേധ പ്രകടനം നടന്നു. ഗുവാഹത്തിയില്‍ ആസു ആസ്ഥാനമായ സ്വാഹിദ് ഭവന് പുറത്തായിരുന്നു പ്രതിഷേധം.

അസമിലെ ജനങ്ങള്‍ക്ക് ഒരിക്കലും സിഎഎ അംഗീകരിക്കാനാകില്ലെന്നും അത് ഉടന്‍ പിന്‍വലിക്കണമെന്നും എന്‍എസ്ഒ ഉപദേഷ്ടാവ് സമുജ്ജല്‍ ഭട്ടാചാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പകര്‍ച്ചവ്യാധി കാരണമാണ്  രണ്ട് വര്‍ഷം മുമ്പ് പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തേണ്ടിവന്നതെന്നും സി.എ.എ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്യായ നിയമത്തിനെതിരായ രോഷം അസം ജനതയുടെ ഹൃദയത്തിലുള്ളതാണെന്നും  നിയമം റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും' അദ്ദേഹം വ്യ്കതമാക്കി.
 വിദേശികളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (എഎഫ്എസ്പിഎ) പൂര്‍ണമായും നീക്കം ചെയ്യണമെന്നും വിദ്യാര്‍ത്ഥി സംഘടന ആവശ്യപ്പെട്ടു.
എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സി.എ.എക്കെതിരെ പ്രതിഷേധ പരിപാടികള്‍  നടന്നു.

 

Latest News