ഹവാന- ക്യൂബയില്‍ ഇന്ന് അധികാര കൈമാറ്റം നടക്കുമ്പോള്‍ അത് രാജ്യത്തെ മാറ്റത്തിന്റെ പാതയിലെത്തിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
ക്യൂബയെ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന യുവതലമുറയുടെ പ്രതീക്ഷകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നയാളാണെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന മിഗ്വേല്‍ ഡിയാസ് കാനെല്‍ തന്റെ ദീര്‍ഘകാലത്തെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം കളഞ്ഞുകുളിക്കില്ലെന്ന അഭിപ്രായത്തിനാണ് ക്യൂബയില്‍ സ്വീകാര്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ സമൂല മാറ്റം പ്രതീക്ഷിക്കേണ്ട. മിഗ്വേലിന് ഒരു പരിഷ്‌കര്‍ത്താകാന്‍ സാധിക്കില്ല.
86 കാരനായ റൗള്‍ കാസ്‌ട്രോയുടെ പിന്‍ഗാമിയായി 57 കാരന്‍ ഡിയാസ് കാനെലിനെ ദേശീയ അസംബ്ലി ഇന്ന് പ്രഖ്യാപിക്കും. നിലവില്‍ വൈസ് പ്രസിഡന്റാണ് അദ്ദേഹം. 1959 ലെ ക്യൂബന്‍ വിപ്ലവത്തിനു ശേഷം ജനിച്ച ഒരാള്‍ ഇതാദ്യമായാണ് ക്യൂബയുടെ തലപ്പത്ത് എത്തുന്നത്.
കാക്കി ധരിച്ച് ആറു ദശാബ്ദം കരീബിയന്‍ ദ്വീപ് ഭരിച്ച ഫിദല്‍, റൗള്‍ കാസ്‌ട്രോമാരുടെ പാരമ്പര്യം അത്രയെളുപ്പം തള്ളിക്കളയാന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറായ മിഗ്വേല്‍ ഡിയാസ് കാനെലിനും കഴിയില്ല.
അതേസമയം കാസ്‌ട്രോയെന്ന രണ്ടാം പേരില്ലാത്ത ഒരാള്‍ രാജ്യത്തിന്റെ പ്രസിഡന്റാകുമ്പോള്‍ പുതിയ തലമുറ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. 2006 ല്‍ ഫിദല്‍ കാസ്‌ട്രോയില്‍നിന്ന് രാജ്യഭാരമേറ്റ സഹോദരന്‍ റൗള്‍ കാസ്‌ട്രോ ഹവാനയിലെ മ്യൂസിയം ഓഫ് ദ റെവലൂഷന്റെ പടിയിറങ്ങുമ്പോള്‍
ഈ അധികാരമാറ്റം രാജ്യത്തിന്റെ ഭാവിയില്‍ നിര്‍ണായകമാണ്.
യു.എസ് പിന്തുണയോടെ ഭരിച്ചിരുന്ന ഏകാധിപതി ഫുള്‍ജെന്‍ഷ്യോ ബാറ്റിസ്റ്റയെ പുറത്താക്കിയ ശേഷം കാസ്‌ട്രോയെന്ന രണ്ടാം പേരില്ലാത്ത രണ്ടുപേര്‍ ഇതിനു മുമ്പ് അധികാരത്തിലിരുന്നിട്ടുണ്ട്. വിപ്ലവ കാലത്ത് ആറു മാസം പ്രസിഡന്റായിരുന്ന മാനുവല്‍ യുറുറ്റിയയും ഫിദല്‍ കാസ്‌ട്രോ പ്രധാനമന്ത്രിയായിരുന്ന 1976 വരെ 17 വര്‍ഷം പ്രസിഡന്റായിരുന്ന ഓസ്‌വാള്‍ഡോ ഡോര്‍ട്ടിക്കോസും. അപ്പോഴൊക്കെയും കാസ്‌ട്രോയുടെ കണ്ണ് അവര്‍ക്കു മേലുണ്ടായിരുന്നു.
വിപ്ലവത്തില്‍ വലംകൈയായിരുന്ന അനുജന്‍ റൗളിനെ അധികാരമേല്‍പിച്ച് 2006 ലാണ് ഫിദല്‍ കാസ്‌ട്രോ വിശ്രമ ജീവിതത്തിലേക്ക് പോയത്. 2008 ലാണ് അധികാരം പൂര്‍ണമായും കൈമാറിയത്. അധികാരം ഒഴിയുമെന്ന് റൗള്‍ കാസ്‌ടോ 2013 ല്‍ തന്നെ പറഞ്ഞിരുന്നതാണ്.
വിപ്ലവത്തിനു ശേഷം ജനിച്ചവരിലേക്ക് അധികാരമെത്തുന്നുവെന്നതാണ് കാനെലിന്റെ സ്ഥാനലബ്ധിയെ സവിശേഷമാക്കുന്നത്. ബാറ്റിസ്റ്റയെ ഫിദല്‍ കാസ്‌ട്രോ അട്ടിമറിക്കുമ്പോള്‍ മിഗ്വേല്‍ ജനിച്ചിരുന്നില്ല. ക്യൂബയ്ക്ക് പുറത്ത് മിഗ്വേല്‍ പ്രശസ്തനല്ല.
1976 ല്‍ ഫിദല്‍ കാസ്‌ട്രോ പുതിയ ഭരണഘടനയുണ്ടാക്കിയതിനു ശേഷം പ്രസിഡന്റാകുന്ന ആദ്യ സാധാരണ പൗരനാണ് മിഗ്വേല്‍. പട്ടാളത്തിന്റെ ഒരു വിഭാഗത്തിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചില്ല. ക്യൂബന്‍ ജനതക്കിടയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും മിഗ്വേല്‍ ഏറെ പ്രശസ്തനാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ക്യൂബയെ സാമ്പത്തികമായി ഞെരുക്കിയ വേളയില്‍ ആ സാഹചര്യത്തെ സംയമനത്തോടെ കൈകാര്യം ചെയ്ത് വിജയം വരിച്ച പ്രവിശ്യാ നേതാക്കളില്‍ ഒരാളാണ് മിഗ്വേല്‍. പ്രായോഗികവാദിയും ജനകീയനുമായ അദ്ദേഹം സര്‍ക്കാര്‍ നല്‍കിയ കാര്‍ വേണ്ടെന്നുവെച്ച് സ്വന്തം സ്ഥലമായ വിയ ക്ലാരയില്‍ സൈക്കിളില്‍ സഞ്ചരിച്ചാണ് ജനസേവനം നടത്തിയിരുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതൃത്വമായ 14 അംഗ പോളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്ന അദ്ദേഹത്തെ 2009 ല്‍ റൗള്‍ കാസ്‌ട്രോ ഹാവനയിലേക്ക് വിളിച്ചുവരുത്തി ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രിയാക്കി. 2013 ല്‍ നാഷണല്‍ അസംബ്ലി അദ്ദേഹത്തെ വൈസ് പ്രസിഡന്റാക്കി.
ഐപാഡ് ഉപയോഗിക്കുന്ന കമ്യൂണിസ്റ്റുകാരന്‍, ഇന്റര്‍നെറ്റിന്റെ കാലത്ത് സെന്‍സര്‍ഷിപ്പ് എന്നത് മിഥ്യയാണെന്നു പറഞ്ഞ നേതാവ്, സ്വവര്‍ഗാനുരാഗികളുടെ സാംസ്‌കാരിക കേന്ദ്രത്തിന് പിന്തുണ പ്രഖ്യാപിച്ചയാള്‍, റോക്ക് സംഗീതം ഇഷ്ടപ്പെടുന്നയാള്‍ എന്നിങ്ങനെ പല വിശേഷണങ്ങള്‍ നല്‍കി പരിചയപ്പെടുത്തുന്ന മിഗ്വേല്‍ ക്യൂബയെ അടിമുടി മാറ്റിമറിക്കുമെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രതീക്ഷിക്കുന്നത്.
മിഗ്വേലിന് നേരെയാക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട് ക്യൂബയില്‍. ഭദ്രമല്ലാത്ത സമ്പദ്ഘടന തന്നെയാണ് പ്രധാനം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാണ് സമ്പദ്‌വ്യവസ്ഥക്ക് വിനയായത്. കഴിഞ്ഞ വര്‍ഷം വീശിയ ഇര്‍മ ചുഴലിക്കാറ്റിന്റെ കെടുതികളില്‍നിന്നും രാജ്യം കരകയറിയിട്ടില്ല. സബ്‌സിഡി നിരക്കില്‍ എണ്ണ നല്‍കിയിരുന്ന അയല്‍രാജ്യമായ വെനിസ്വേലയുടെ സഹായം കുറഞ്ഞു.
ക്യൂബന്‍ പെസോ (സി.യു.പി.), ക്യൂബന്‍ കണ്‍വേര്‍ട്ടിബ്ള്‍ പെസോ (സി.യു.സി.) എന്നിങ്ങനെ രണ്ട് നാണയങ്ങളുണ്ട് രാജ്യത്ത്. രണ്ടും വിദേശ വിനിമയത്തിനുതകുന്നവയല്ല. സി.യു.സിക്ക് സി.യു.പിയേക്കാള്‍ 25 ഇരട്ടിയാണ് മൂല്യം. വിനോദ സഞ്ചാരികളും പൊതുമേഖലാ സ്ഥാപനങ്ങളും ചില പ്രത്യേക ആവശ്യങ്ങള്‍ക്കാണ് സി.യു.സി ഉപയോഗിക്കുന്നത്. ശമ്പളം നല്‍കുന്നതെല്ലാം സി.യു.പിയിലും. കറന്‍സി പരിഷ്‌കാരം വൈകരുതെന്ന് ഡിസംബറില്‍ റൗള്‍ കാസ്‌ട്രോ പറഞ്ഞിരുന്നെങ്കിലും മാറ്റം എളുപ്പമല്ല.
പ്രസിഡന്റ് പദമൊഴിയുന്നെങ്കിലും റൗള്‍ കാസ്‌ട്രോയുടെ കണ്ണ് അധികാരത്തിന്മേലുണ്ടാവും. 2021 വരെ അദ്ദേഹത്തിന് പോളിറ്റ് ബ്യൂറോയുടെ തലപ്പത്തിരിക്കാമെന്നതു തന്നെയാണ് കാരണം.
രാജ്യത്തിന്റെ നയങ്ങള്‍ തീരുമാനിക്കുന്ന പരമോന്നത സമിതിയാണ് പി.ബി.
കമ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയുടെയും വിയറ്റ്‌നാമിന്റെയും മാതൃകയാവും മിഗ്വേല്‍ പിന്തുടരുകയെന്ന് ചിലര്‍ പ്രതീക്ഷിക്കുന്നു. വിപണി തുറന്നിടാനും നിക്ഷേപം ആകര്‍ഷിക്കാനും നടപടികളുണ്ടാകും. പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ നിര്‍ത്തിക്കൊണ്ടു തന്നെ സമ്പത്താര്‍ജിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കും. ക്യൂബയ്ക്ക് തുണയായി ചൈനയും റഷ്യയുമുണ്ട്. വെനിസ്വേലന്‍ എണ്ണയ്ക്ക് പകരം ഇപ്പോള്‍ റഷ്യന്‍ എണ്ണ ക്യൂബയിലെത്തുന്നുണ്ട്. സാമ്പത്തിക സഹകരണത്തിന് യൂറോപ്യന്‍ യൂണിയനും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
യു.എസ്-ക്യൂബ ബന്ധം ബരാക് ഒബാമയുടെ കാലത്ത് അല്‍പം മെച്ചപ്പെട്ടിരുന്നുവെങ്കിലും ഡോണള്‍ഡ് ട്രംപിന്റെ നിലപാട് അനുകൂലമല്ല.
മിഗ്വേലിന് ക്യൂബയില്‍ ഒരു പരിഷ്‌കര്‍ത്താവാന്‍ സാധിക്കില്ലെന്ന് പറയുന്നവര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയുടെ കാര്യത്തില്‍ കര്‍ക്കശക്കാരനാണെന്ന് തെളിയിക്കുന്ന അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അപ്രതീക്ഷതമായാണ് ചോര്‍ന്നത്. പാര്‍ട്ടിയുടെ രഹസ്യ യോഗത്തില്‍ അദ്ദേഹം സംസാരിക്കുന്ന വീഡിയോ പുറത്തെത്തുകയായിരുന്നു. സ്വതന്ത്ര മാധ്യമങ്ങള്‍ക്കെതിരെ അദ്ദേഹം ഉന്നയിച്ച ശക്തമായ വിമര്‍ശം പാശ്ചാത്യ എംബസികളേയും രാജ്യത്തെ വിമതരേയും തീര്‍ത്തും നിരാശരാക്കുന്നതായിരുന്നു.