മുംബൈ- മുന്‍ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ മുംബ്രയില്‍ നിന്നുള്ള 23കാരനായ അല്‍തമാഷ് ദല്‍വി പിടിയിലായത്. നാദിയ മുല്ല എന്ന മുസ്‌കാനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യുവതി കൊല്ലപ്പെട്ടത്. വിരാണി എസ്‌റ്റേറ്റിന് സമീപത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്താണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് അസി. പോലീസ് ഇന്‍സ്‌പെക്ടര്‍ കൃപാലി ബോര്‍സെ പറഞ്ഞു. യുവതി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താനെ റെയില്‍വെ സ്‌റ്റേഷന് സമീപത്ത് നിന്നുമാണ് അല്‍തമാഷ് ദല്‍വി പിടിയിലായത്.
യുവതിയുമായി രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കി. മാതാപിതാക്കള്‍ എതിര്‍ത്തതോടെ മാസങ്ങള്‍ക്ക് മുന്‍പ് ബന്ധം അവസാനിപ്പിച്ചു. മുന്‍പ് ഗര്‍ഭിണിയായ മുല്ല ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം യുവതിയെ നേരില്‍ കണ്ടിട്ടില്ല. ബന്ധം അവസാനിച്ചതോടെ മാതാപിതാക്കള്‍ തനിക്ക് മറ്റൊരു വിവാഹം ആലോചിച്ചതോടെ എതിര്‍പ്പുമായി യുവതി എത്തിയിരുന്നുവെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
യുവാവുമായി വിവാഹം ആലോചിച്ച യുവതിയുടെ വീട്ടിലെത്തി യുവതി പ്രശ്‌നം ഉണ്ടാക്കിയത് പ്രതിയെ പ്രകോപിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു. ഗര്‍ഭിണിയാണെന്ന് ആരോപിച്ച് യുവതി പണം വാങ്ങിയിരുന്നു. 1.5 ലക്ഷം രൂപ നല്‍കിയെങ്കിലും എതിര്‍പ്പുമായി മുല്ല രംഗത്തുവരുമോയെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. നേരില്‍ കാണണം എന്നാവശ്യപ്പെട്ടാണ് യുവാവ് മുല്ലയെ വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഗര്‍ഭിണിയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു. മുല്ല ഗര്‍ഭിണിയാണെന്ന ആരോപണം തള്ളിയ യുവാവ് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു. പണം തട്ടിയെടുക്കാന്‍ യുവതി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അതിനാലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു