പാംബീച്ച്- ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്താനിരിക്കുന്ന ചര്‍ച്ചക്കുള്ള ഒരുക്കം തുടങ്ങി. അമേരിക്കയിലെ ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരാണ് അതീവ രഹസ്യമായി കാര്യങ്ങള്‍ നീക്കുന്നത്. ലോകം കാത്തിരിക്കുന്ന ഉച്ചകോടി എവിടെ ആയിരിക്കുമെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. കൂടിക്കാഴ്ച മേയ് അവസാനമോ ജൂണിലോ നടക്കുമെന്നാണു കരുതുന്നത്.
അതിനിടെ, ചര്‍ച്ച ഫലപ്രദമാകില്ലെന്ന് തോന്നിയാല്‍ ഇറങ്ങിപ്പോരാനും മടിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിമ്മുമായുള്ള ചര്‍ച്ചയില്‍ തുറന്ന സമീപനമാണ് സ്വീകരിക്കുക. ഉത്തരകൊറിയയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ യു.എസിന് ഇത്രയേറെ മേല്‍ക്കൈ ലഭിച്ച അവസരം മുമ്പുണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ച വിചാരിച്ചത്ര ഫലപ്രദമായില്ലെങ്കില്‍ യോഗം അവസാനിപ്പിച്ചു താന്‍ മടങ്ങും. പിന്നീട് ഇപ്പോള്‍ നടക്കുന്നതെന്താണോ അതു തന്നെ തുടരും. ഉത്തരകൊറിയയുടെ പിടിയിലുള്ള മൂന്ന് അമേരിക്കക്കാരുടെ മോചനത്തിനായി വളരെ ശ്രദ്ധയോടെയാണു തങ്ങള്‍ കാര്യങ്ങള്‍ നീക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഉച്ചകോടി അമേരിക്കയിലായിരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് സ്ഥലങ്ങള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സിങ്കപ്പൂര്‍, വിയ്റ്റ്‌നാം, തായ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്വീഡന്‍, മംഗോളിയന്‍ തലസ്ഥാനമായ ഉലാന്‍ബത്തര്‍ എന്നീ സ്ഥലങ്ങള്‍ പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഉച്ചകോടിക്ക് പശ്ചാത്തലമൊരുക്കാന്‍ സി.ഐ.എ ഡയരക്ടറും നിയുക്ത വിദേശകാര്യസെക്രട്ടറിയുമായ മൈക് പോംപിയോ ഈമാസം ആദ്യം ഉത്തരകൊറിയയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നു.
യുഎസ് - ഉത്തര കൊറിയ ഉച്ചകോടിക്കു മുന്നോടിയായുള്ള പോംപിയുടെ പ്യോങ്യാങ് സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ ഉന്നത യു.എസ് ഉദ്യോഗസ്ഥനും പോംപിയാണ്.