ന്യൂദല്‍ഹി- രാജസ്ഥാനിലെ ജാലോറില്‍ ഹെഡ്മാസ്റ്ററുടെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് ചികിത്സയിരിക്കെ ദളിത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യാപകന്റെ വെള്ളപാത്രമെടുത്തതിനെ തുടര്‍ന്നാണ് സരസ്വതി വിദ്യാലായത്തില്‍ പഠിക്കുന്ന മൂന്നാം തരം വിദ്യാര്‍ഥിയെ അടിച്ചുകൊന്നത്.
സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നോട്ടീസയച്ച കമ്മീഷന്‍ സംഭവത്തിന്റെ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഉത്തരവാദിയായ ഹെഡ് മാസറ്റര്‍ക്കെതിരെ സ്വീകരിച്ച നടപടിയും അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും അറിയിക്കണം.
കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ കുടുംബം നിരന്തരം ആവശ്യപ്പെട്ടിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 23 ദീവസം വൈകിയതിനെ കുറിച്ച് ഡി.ജി.പി വിശദീകരിക്കണം. നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിനോടും പോലീസ് മേധാവിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.