പട്‌ന- ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ ആരോപണവുമായി ബിജെപി. സ്വാതന്ത്ര്യദിനത്തില്‍ മന്ത്രി മാംസാഹാരം കഴിച്ചുവെന്നാണ് ആരോപണം. സ്വാതന്ത്ര്യദിനത്തില്‍ പക്ഷികളെയും മൃഗങ്ങളെയും കശാപ്പ് ചെയ്തതാണ് ബിജെപി വക്താവ് അരവിന്ദ് സിംഗിന് തീരെ പിടിക്കാത്തത്. ആര്‍ജെഡി നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖിയുടെ പട്‌നയിലെ വസതിയില്‍ വച്ച് ഓഗസ്റ്റ് 15ന് തേജസ്വി സസ്യേതര ഭക്ഷണം കഴിച്ച ഫോട്ടോയുള്‍പ്പടെ പുറത്ത് വിട്ടാണ് ബി ജെ പിയുടെ ആക്ഷേപം.
'ഓഗസ്റ്റ് 15 ന് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു, കൂടാതെ മദ്യവില്‍പ്പനയും രാജ്യത്ത് നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഈ ദിവസം, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഒരു ആര്‍ജെഡി നേതാവിന്റെ വീട്ടില്‍ മാംസം കഴിച്ച് ദേശസ്‌നേഹം തകര്‍ക്കാന്‍ ശ്രമിച്ചു. രാജ്യസ്‌നേഹത്തിന്റെ ചൈതന്യത്തെ കളങ്കപ്പെടുത്തി, മൃഗങ്ങളോട് കരുണയില്ലാത്തപ്പോള്‍, ബിഹാറിലെ ജനങ്ങളോട് അദ്ദേഹം എന്ത് സംവേദനക്ഷമത കാണിക്കും?' അരവിന്ദ് സിംഗ് ചോദിക്കുന്നു.