ലഖ്നൗ- സ്വാതന്ത്ര്യദിനം വലിയ സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും പണപ്പെരുപ്പവും കൊടുംദാരിദ്ര്യവും പൗരന്മാരെ തളര്‍ത്തിയിരിക്കയാണെന്നും അതുകൊണ്ടുതന്നെ ആഘോഷങ്ങള്‍ക്ക് പൊലിമയില്ലെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി.
സ്വാതന്ത്ര്യദിനം പോലുള്ള അവസരങ്ങള്‍ ജാതീയത, വര്‍ഗീയത, വിദ്വേഷം നിറഞ്ഞ രാഷ്ട്രീയം, അഴിമതി എന്നിവ കഴുകിക്കളയാനും പ്രതിജ്ഞയെടുക്കാനുള്ള സമയമാണെന്ന് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ചെലവേറിയ പരസ്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ട സന്ദര്‍ഭം കൂടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ 125 കോടി ജനങ്ങളും പണപ്പെരുപ്പം, മാരകമായ ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുടെ ഭാരത്തില്‍ നിന്ന് മുക്തരായിരുന്നെങ്കില്‍ സ്വാതന്ത്ര്യദിനാഘോഷം കൂടുതല്‍ മെച്ചമായേനെ- അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആദ്യവും അവസാനവും ഇന്ത്യക്കാരനാകാന്‍
ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായ ബി.ആര്‍ അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് മായാവതി ജനങ്ങളെ ആഹ്വാനം ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍, ജനങ്ങളുടെ ക്ഷേമത്തിനും സമാധാനവും സമൃദ്ധിയും നിലനിര്‍ത്തുന്നതിനും ഇന്ത്യയ്ക്ക് വലിയ ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്ന് അവര്‍ പറഞ്ഞു.
ഈ വശങ്ങള്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് അവര്‍ വിശദീകരിച്ചു.