Sorry, you need to enable JavaScript to visit this website.

പഴയ കൊച്ചിയല്ല, കൊച്ചി; കൊലപാതക പരമ്പര, പോലീസില്‍ അഴിച്ചുപണി വരും

കൊച്ചി- നഗരത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും പതിവായതോടെ പോലീസ് സേനയില്‍ അടയന്തിര അഴിച്ചു പണിക്ക് നീക്കം. കര്‍ക്കശ നടപടികളിലൂടെ അമര്‍ച്ച ചെയ്ത ക്വട്ടേഷന്‍ സംഘങ്ങളും മയക്കുമരുന്നു- വ്യഭിചാര സംഘങ്ങളും വീണ്ടും സജീവമായത് പോലീസിന് തലവേദന സൃഷ്ടിക്കുകയാണ്. ക്രിമിനലുകള്‍ക്കെതിരെ മുഖം നോക്കാതെ കര്‍ക്കശ നടപടികളെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ പലരും മാറുകയും പുതിയ ആളുകള്‍ വരികയും ചെയ്തതോടെയാണ് നഗരത്തില്‍ അക്രമ പരമ്പരകള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതോടെ പോലീല്‍ അഴിച്ചുപണി ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.
രാത്രികാലങ്ങളില്‍ മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചും മദോന്മത്തരായ സംഘങ്ങള്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ചെറിയ പ്രകോപനങ്ങള്‍പോലും കൊലപാതകത്തില്‍ കലാശിക്കുന്നതിന് കാരണം കാരണം അമിതലഹരിയാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊലപാതകങ്ങള്‍ ഇത്തരത്തില്‍ ചെറിയ പ്രകോപനങ്ങള്‍കൊണ്ട് സംഭവിച്ചതാണ്. എന്നാല്‍ ഇതിന് പശ്ചാത്തലമാകുന്നത് ഇതിലുള്‍പ്പെട്ടവരുടെ ക്രിമിനല്‍ പശ്ചാത്തലവും ക്രിമിനല്‍ ബന്ധങ്ങളുമാണ്.
ഞായറാഴ്ച പുലര്‍ച്ചെ സൗത്തില്‍ വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തിക്കൊന്നത് ഇത്തരത്തില്‍ ചെറിയൊരു പ്രകോപനത്തെ തുടര്‍ന്നാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി എറണാകുളം നോര്‍ത്തിലുണ്ടായ കൊലപാതകവും ഇത്തരത്തിലായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഉണ്ടായ കശപിശയെ തുടര്‍ന്ന് അക്രമി കൈയിലിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസന്‍ എന്ന യുവാവിനെ കഴുത്തില്‍ കുത്തിയിറക്കി  കൊലപ്പെടുത്തുകയായിരുന്നു.
കലൂരില്‍ ഒരു യുവാവ് മറ്റൊരാളെ കുത്തി പരിക്കേല്‍പിച്ച ശേഷം സ്വയം കഴുത്തുമുറിച്ച് മരിച്ചത് ആഴ്ചകള്‍ക്ക് മുമ്പാണ്. ചോറ്റാനിക്കരക്കടുത്ത് കാര്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങിയ തക്കത്തിന് ഒരു ക്രിമിനല്‍ ഓടിവന്ന് കാറിനുള്ളില്‍ കയറി സ്ത്രീയെയും കുട്ടിയെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവവും അടുത്തുണ്ടായി.  
നഗരത്തിനു പുറത്തു നിന്നു യുവാക്കള്‍ രാത്രി പാര്‍ട്ടികള്‍ക്കായി എറണാകുളത്താണ് എത്താറുള്ളത്. അര്‍ധരാത്രി സമയങ്ങളില്‍ ഇടപ്പള്ളി, വൈറ്റില, പാലാരിവട്ടം, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് തുടങ്ങിയ ഇടങ്ങളിലൊക്കെ ഇത്തരം യുവാക്കളുടെ കൂട്ടങ്ങളുണ്ടാവും. മയക്കുമരുന്നു സംഘങ്ങളുടെ പ്രധാന കേന്ദ്രങ്ങളാണ് ഇതില്‍ പലതും. കൂട്ടത്തില്‍ പെണ്‍കുട്ടികളുമുണ്ടാകാറുണ്ട്. ഇത്തരം ക്രിമിനല്‍ കാര്യങ്ങളില്‍ പെടുന്നവര്‍ എത്തുന്ന സ്ഥലങ്ങളും സമയവും സൂക്ഷ്മമായി നിരീക്ഷിച്ച് അതിവേഗത്തില്‍ ഇടപെടാന്‍ കഴിയുന്ന സംവിധാനം പോലീസില്‍ ഇല്ല. ഇത്തരമൊരു സംവിധാനത്തിലൂടെ  സിറ്റി പോലീസിനെ പുനഃക്രമീകരിക്കേണ്ടതാണെന്നാണ് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.
ട്രാന്‍സ്‌ജെന്‍ഡറുകളിലെ സെക്‌സ് വര്‍ക്കര്‍മാരും ഇത്തരം സംഘട്ടനങ്ങളുടെ പ്രധാന കാരണക്കാരാണ്. അന്തസ്സായി ജീവിക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍മാര്‍ നിരവധിയുണ്ടെങ്കിലും രാത്രിയില്‍ വഴിയോരങ്ങളില്‍ കസ്റ്റമര്‍മാരെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ സാന്നിധ്യം ഇപ്പോഴും തലവേദനയാണ്. ഇത്തരമൊരു ട്രാന്‍സ്‌ജെന്‍ഡറിന് വേണ്ടിയുള്ള തര്‍ക്കമാണ് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ കൊലപാതകത്തിലേക്ക് വഴിവെച്ചത്.

 

Latest News