ചെന്നൈ- ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനെ പിടികൂടിയപ്പോള്‍ കസ്റ്റംസ് അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ കണ്ടത് ഒരു കുരങ്ങനെയും 20 പാമ്പിനെയും രണ്ട് ആമയെയും. ഇവയുടെ ചിത്രമടക്കം ചെന്നൈ എയര്‍ കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടു.
ബാങ്കോക്കില്‍ നിന്ന് ടിജി337 വിമാനത്തില്‍ വ്യാഴാഴ്ച ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് ജീവനുള്ള മൃഗങ്ങളെ കണ്ടെത്തിയത്. ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ എയര്‍ കസ്റ്റംസ് അധികൃതര്‍ ഇയാളെ തടയുകയായിരുന്നു. തുടര്‍ന്ന് ബാഗേജ് പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെയാണ് ഉദ്യോഗസ്ഥരും അമ്പരന്നുപോയത്.
ഒരു ഡി ബ്രാസ കുരങ്ങിനെയും 20 പാമ്പുകളെയും (15 കിങ് സ്നേക്കുകളും 5 ബോള്‍ പൈത്തണുകളും) രണ്ട് ആല്‍ഡബ്ര ആമകളെയുമാണ് ഇയാള്‍ അനധികൃതമായി കടത്തിയത്. ആനിമന് ക്വാറന്റൈന് ആന്റ് സര്ട്ടിഫിക്കേഷന് സര്‍വീസുമായുള്ള കൂടിയാലോചനയ്ക്കുശേഷം മൃഗങ്ങളെ തിരികെ അയച്ചുവെന്ന് കസ്റ്റംസ് അറിയിച്ചു.
സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം യാത്രക്കാരനെതിരെ കേസെടുത്തുവെന്നും ബന്ധപ്പെട്ട വകുപ്പിനെ വിവരം അറിയിച്ചുവെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. പ്രതിയായ യാത്രക്കാരനെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ചെന്നൈയില്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരോ, മറ്റു വിവരങ്ങളോ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.