ന്യൂദല്‍ഹി- 75 ാം സ്വാതന്ത്ര്യ ദിന വാര്‍ഷികം ഇന്ത്യക്ക് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി എല്ലാ പൗരന്‍മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. 75 വയസ്സിലേക്കുള്ള രാജ്യത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും ഇക്കാലയളവില്‍ നിരവധി ഉയര്‍ച്ച താഴ്ചകളെ രാജ്യം അഭിമുഖീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ദേശീയ പതാക പാറി കളിക്കുന്നു പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ എണ്ണമറ്റ പോരാളികള്‍ ബ്രിട്ടീഷുകാരെ വിറപ്പിച്ചു. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കര്‍, സവര്‍ക്കര്‍ എന്നിവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഓര്‍ത്ത നരേന്ദ്ര മോഡി നെഹ്‌റുവിനെ വണങ്ങുന്നുവെന്ന് പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയുടെ നാരീശക്തിയിലും അഭിമാനിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വനിതകളെ പ്രത്യേകം അനുസ്മരിച്ചു.
രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം. ജീവന്‍ പണയംവെച്ചവരെ അനുസ്മരിക്കണം. അതിന് വേണ്ടിയാണ് അമൃത് മഹോത്സവ്. ചരിത്രം അവഗണിച്ചവരേയും ഓര്‍ക്കേണ്ട ദിവസമാണ് ഇത്. സമര പോരാളികളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് മുന്നോട്ട് പോകണം. സ്വാതന്ത്ര്യസമര പോരാളികളോടുള്ള കടം വീട്ടണമെന്നും ചരിത്ര ദിനത്തില്‍ പുതിയ വീക്ഷണത്തോടെ മുന്നോട്ട് പോകാന്‍ പുതിയ അധ്യായത്തിന് തുടക്കമിടണമെന്നും പ്രധാനമന്ത്രി. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ആദിവാസികളെ സല്യൂട്ട് ചെയ്യുന്നു പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദം പലവട്ടം വെല്ലുവിളിയയുര്‍ത്തിയിട്ടും ഇന്ത്യ മുന്നോട്ട് തന്നെയാണ്. ജനാധിപത്യത്തിന്റെ മാതാവാണെന്നത് ഇന്ത്യയുടെ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു. 1947ലെ വിഭജനത്തേയും ചെങ്കോട്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 1947ലെ ത്യാഗം ഓര്‍മിക്കണം. രാജ്യത്തെ ജനങ്ങള്‍ സ്വപ്‌ന സാക്ഷാത്കാരം ആഗ്രഹിക്കുന്നു. ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദന്‍ എന്നിവര്‍ക്കും പ്രധാനമന്ത്രിയുടെ ആദരം. 'ഗുരു അടക്കമുള്ളവര്‍ രാജ്യത്തിന്റെ ആത്മാവിനെ ജ്വലിപ്പിച്ചു- പ്രധാനമന്ത്രി പറഞ്ഞു.