മുംബൈ-മുസ്ലിമല്ലെന്നും പട്ടികജാതിക്കാരനാണെന്നും ജാതി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ കമ്മിറ്റി സ്ഥിരീകരിച്ചതിനു പിന്നാലെ മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലികിനെതിരെ കേസുമായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുന്‍ മുംബൈ സോണല്‍ ഡയരക്ടര്‍ സമീര്‍ വാങ്കഡെ.
വാങ്കഡെ നല്‍കിയ പരാതിയില്‍ നവാബ് മാലികിനെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മഹാരാഷ്ട്ര സമൂഹിക നീതി വകുപ്പിനു കീഴിലുള്ള മുംബൈ ജില്ലാ ജാതി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ കമ്മിറ്റിയാണ് വാങ്കഡെയെ കുറ്റവിമുക്തനാക്കിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 500, 501 വകുപ്പുകള്‍ പ്രകാരവും പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തയടുന്ന നിയമപ്രകാരവുമാണ് മാലികിനെതിരെ ഗോറേഗാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗോറേഗാവ് പോലീസ് അസി. കമ്മീഷണറാണ് കേസ് അന്വേഷിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നവാബ് മാലിക് ഇപ്പോള്‍ ജയിലിലാണ്.
ദാവൂദ് ഇബ്രാഹിമിന്റെ സഹായി നടത്തിയ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 23നാണ് എന്‍.സി.പി നേതാവ് അറസ്റ്റിലായത്.
മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തിതിനു പിന്നാലെയാണ് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വാങ്കഡെ ജോലി കരസ്ഥമാക്കിയതെന്ന് നവാബ് മാലിക് ആരോപിച്ചത്.