പാല്‍ഘര്‍- മഹാരാഷ്ട്രയില്‍ ദേശീയ പതാക ഉയര്‍ത്താനായി മേല്‍ക്കൂരയില്‍ കയറിയ 65 വയസ്സുകാരന്‍ കാല്‍വഴുതി വീണു മരിച്ചു. പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. ലക്ഷ്മണ്‍ ഷിന്‍ഡെയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശനിയാഴ്ചയാണ് സംഭവം. പരുക്കേറ്റ ഷിന്‍ഡെയെ മൂന്ന് ആശുപത്രികളിലേക്ക് കൊണ്ടുപോയി. നന്ദ്‌ഗോണിലെ പൊതു ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ജവാഹര്‍ ആശുപത്രിയിലേക്കും മാറ്റി. അവിടെനിന്നു വിദഗ്ധ ചികിത്സയ്ക്കായി നാസിക്കിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് പരാതി ഉയര്‍ന്നു. അപകട മരണത്തിന് പോലീസ് കേസെടുത്തു.