ന്യൂദല്‍ഹി- മതിലില്‍ മൂത്രം ഒഴിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. മതിലില്‍ മൂത്രം ഒഴിച്ചതിനെ ചൊല്ലിയാണ് വാക്കേറ്റം ആരംഭിച്ചെതന്നും തുടര്‍ന്ന് യുവാവിനെ പിന്തുടര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
മതിലില്‍ മൂത്രം ഒഴിച്ചതിനെ ചോദ്യം ചെയ്ത സ്ത്രീയോട് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ മയാങ്ക് കയര്‍ത്തു സംസാരിച്ചതോടെ ആയിരുന്നു തര്‍ക്കം. സ്തീയുടെ മകന്‍ മനീഷ് ഇടപെട്ടതോടെ മയാങ്ക് മുഖത്തടിച്ചതായും പറയുന്നു. തുടര്‍ന്ന് മനീഷ് തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി മയാങ്കിനേയും കൂട്ടുകാരന്‍ വികാസിനേയും പിന്തുടര്‍ന്നു. സൗത്ത് ദല്‍ഹിയിലെ മാളവ്യ നഗറിലെ ഡി.ഡി.എ മാര്‍ക്കറ്റിനു സമീപം വെച്ചാണ് സംഘം മയാങ്കിനെ പിടികൂടി കൊലപ്പെടുത്തിയത്. സി.സി.ടി.വി പകര്‍ത്തിയ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദല്‍ഹി എ.ഐ.ഐ.എം.എസില്‍ എത്തിച്ചെങ്കിലും മയാങ്കിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.