Sorry, you need to enable JavaScript to visit this website.

വിവാഹ തട്ടിപ്പ് വീരന്‍ കോട്ടക്കലില്‍  നാലാം ഭാര്യയുടെ വീട്ടില്‍ നിന്ന് പിടിയില്‍

കോട്ടക്കല്‍-  മലപ്പുറത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന വിവാഹത്തട്ടിപ്പ് വീരനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി വിവാഹങ്ങള്‍ നടത്തി തട്ടിപ്പ് നടത്തിയ പേരാമ്പ്ര പാലേരി സ്വദേശി കാപ്പുമലയില്‍ അന്‍വര്‍ (45) ആണ് കോട്ടക്കല്‍ പോലീസിന്റെ പിടിയിലായത്. വിവിധ പരാതികളില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കൊടുവള്ളി വാവാട്ടെ നാലാം ഭാര്യയുടെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു അന്‍വര്‍.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ചാണ് പിടിയിലായ അന്‍വര്‍ വിവഹ തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീധനമായി പണവും വാഹനവും കവര്‍ന്ന് മുങ്ങുന്ന യുവാവിനെതിരെ പോലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് കോട്ടക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിവീഴുന്നത്. കേരള പോലീസില്‍ ഡി ഐ ജി ആണ്, എസ്പി ആണ് തുടങ്ങി ഉന്നത പദവിയിലുള്ള പോലീസുകാരനാണെന്ന് പെണ്‍വീട്ടുകാരെ പറഞ്ഞ് പറ്റിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
വിവാഹങ്ങള്‍ നടത്തി സ്വര്‍ണവും കാറും പണവും കൈവശപ്പെടുത്തി മുങ്ങുകയാണ് ഇയാളുടെ പതിവെന്നും പോലീസ് പറയുന്നു. നിരവധി പരാതികളെത്തിയതോടെയാണ് പോലീസ് പ്രതിക്കായി അന്വേഷണം തുടങ്ങിയത്. നാലാം ഭാര്യയുടെ വീട്ടില്‍ പ്രതിയുണ്ടെന്ന് വിവരം കിട്ടിയതോടെ കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം കെ ഷാജിയുടെ നേതൃത്വത്തില്‍ എസ് ഐ സുകീസ് കുമാര്‍, എ എസ് ഐ കൃഷ്ണന്‍കുട്ടി, സി പി ഒ വീണ വാരിയത്ത് എന്നിവര്‍ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ തിരുര്‍ ഫസ്റ്റ്ട്രാക്ക് കോടതിയില്‍ ഹാജരാക്കി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതരെ വിത്യസ്തമായ കേസ്സുകളുണ്ടെന്നാണ് കോട്ടക്കല്‍ പോലീസ് പറയുന്നത്. 
 

Latest News