ചെന്നൈ- വനിതാ മാധ്യമ പ്രവര്‍ത്തകയുടെ കവളില്‍ തലോടി വിവാദത്തിലായ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് മാപ്പ് പറഞ്ഞു. പേരമകളെ പോലെയാണെന്ന് വിശദീകരിച്ചുകൊണ്ടുള്ള ക്ഷമാപണം മാധ്യമപ്രവര്‍ത്തക സ്വീകരിച്ചു. മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച ചോദ്യം ഇഷ്ടപ്പെട്ടുവെന്നും അതിനുള്ള അംഗീകാരമായി കൂടിയാണ് കവിളില്‍ തലോടിയതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.
പത്രപ്രവര്‍ത്തകെയന്ന നിലയിലുള്ള നിങ്ങളുടെ പ്രകടനത്തെ അംഗീകരിക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്നും 40 വര്‍ഷത്തോളം താനും ആ ജോലിയാണ് നിര്‍വഹിച്ചതെന്നും ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു. നിങ്ങളുടെ വികാരം വ്രണപ്പെട്ടുവെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും കത്തില്‍ വ്യക്തമാക്കി.
വനിതാ മാധ്യമപ്രവര്‍ത്തകക്കു പുറമെ, മറ്റു പത്രപ്രവര്‍ത്തകരും സംഭവം ഞെട്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നു.