ജമ്മു- കതുവയില്‍ എട്ടു വയസ്സുകാരി ബാലികയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിലൊളിപ്പിച്ച് കൂട്ട ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം രാജ്യത്തിന് നാണക്കേടാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രതികരിച്ചു. ഇന്ത്യയിലെ സമൂഹിക മാറ്റത്തില്‍ സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം 70 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് നാണക്കേടാണ്. സമൂഹമെന്ന് നിലയില്‍ നാം എങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്നില്ല എന്നുറപ്പു വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്- രാഷ്ട്രപതി പറഞ്ഞു. കട്‌റയില്‍ ശ്രീ മാതാ വൈശണോ ദേവി യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതിക്കു മുമ്പ് പ്രസംഗിച്ച ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും കതുവ പീഡനക്കൊല സംബന്ധിച്ച് പ്രതികരിച്ചു. ഒരു പിഞ്ചു ബാലികയോട് ഇത്തരത്തില്‍ ക്രൂരത ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുന്നുണ്ടെങ്കില്‍ സമൂഹത്തിന് എന്തോ പിഴച്ചിട്ടുണ്ടെന്ന് മെഹബൂബ പറഞ്ഞു.