ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഉന്നത നേതാക്കളുടെ വര്‍ഗീയ, വംശീയ, മത വിദ്വേഷ പ്രസംഗങ്ങള്‍ 490 ശതമാനം വര്‍ധിച്ചതായി എന്‍ഡിടിവി നടത്തിയ പഠനം. ആര്‍ എസ് എസി നിയന്ത്രണത്തിനുള്ള ബിജെപി സര്‍ക്കാരിന്റെ കാലത്ത് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങി ഏതെങ്കിലും ഉന്നതരില്‍ നിന്നും വിദ്വേഷപരമായ പ്രസംഗങ്ങളോ പരാമര്‍ശങ്ങളോ ഇല്ലാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ലെന്നാണ് വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വിശകലനം ചെയ്ത എന്‍ഡിടിവിയുടെ കണ്ടെത്തല്‍. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണകാലത്ത് 21 സംഭവങ്ങളിലായി 44 രാഷ്ട്രീയ നേതാക്കളാണ് വിദ്വേഷ പ്രസംഗങ്ങളോ പ്രസ്താവനകളോ നടത്തിയിട്ടുള്ളത്. എന്നാല്‍ 2014-ല്‍ മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നാലു വര്‍ഷത്തിനിടെ മാത്രം 124 വിദ്വേഷ പ്രസ്താവനകളാണ് ഉന്നത രാഷ്ട്രീയക്കാരില്‍ നിന്ന് ഉണ്ടായത്. 490 ശതമാനമാണ് ഈ വര്‍ധന.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാര്‍ ഭരിച്ച 2009-2014 കാലഘട്ടവും 2014 മുതലുള്ള മോഡി സര്‍ക്കാരിന്റെ ഇതുവരെയുള്ള കാലവുമാണ് പഠനവിധേയമാക്കിയത്. ഈ കാലയളവുകളില്‍ പാര്‍ലമെന്റ് അംഗങ്ങേളാ നിയമസഭാംഗങ്ങലോ ആയ തെരഞ്ഞെടുക്കപ്പെട്ട നേതാള്‍, ഉന്നത പദവി വഹിക്കുന്നവര്‍, മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങി വിഐപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ മാത്രമാണ് പരിഗണിച്ചത്. ഇത്തരത്തിലുള്ള 1300 റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തു. ഇവ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും മറ്റു ഏജന്‍സികളുടേയും പക്കലുള്ള രേഖകളുമായി ഒത്തു നോക്കിയാണ് പഠിച്ചത്.
വര്‍ഗീയപരമോ, ജാതീയമോ, അതിക്രമത്തിനു പ്രേരിപ്പിക്കുന്നതോയ ആയ വിദ്വേഷ പ്രസ്താവനകള്‍ മാത്രമാണ് ഈ കണക്കെടുപ്പിന് ആധാരമാക്കിയത്. മതവികാരം വൃണപ്പെടുത്തിയതിനും മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതിനും നിയമപരമായ നടപടികള്‍ക്കു വിധേയമാക്കേണ്ടവയാണ് ഇവയിലേറെയും.