Sorry, you need to enable JavaScript to visit this website.

ദുബായ്-ദല്‍ഹി വിമാനത്തില്‍ യാത്രക്കാരന്‍ സിഗരറ്റ് വലിക്കുന്ന ദൃശ്യം; അന്വേഷിക്കുകയാണെന്ന് മന്ത്രി

ന്യൂദല്‍ഹി- സ്‌പൈസ് ജെറ്റ് വിമാനത്തില്‍ സിഗരറ്റ് വലിക്കുന്ന ദൃശ്യം പുറത്തുവന്നതിനെ തുടര്‍ന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ബോഡി ബില്‍ഡര്‍ ബോബി കതാരിയ വിമാനത്തിലെ പിന്‍നിരയില്‍ ഇരന്ന് സിഗരറ്റ് കത്തിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വിമാനത്തിനകത്ത് പുക വലിക്കാനോ ലൈറ്റര്‍ കൊണ്ടുപോകാനോ യാത്രക്കാര്‍ക്ക് അനുവാദമില്ല.
ജനുവരി 20ന് ദുബായ്-ദല്‍ഹി വിമാനത്തില്‍ യാത്രക്കാരെ കയറ്റുമ്പോഴാണ് സംഭവമെന്ന് സ്‌പൈസ് ജെറ്റ് വിശദീകരിച്ചു. വിമാന ജോലിക്കാര്‍ ബോര്‍ഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള തിരക്കിലായിരുന്നു. അന്വേഷണത്തിനുശേഷം ഫെബ്രുവരിയില്‍ ഈ യാത്രക്കാരനെ 15 ദിവസത്തേക്ക് വിമാന യാത്രക്ക് അനുവദിക്കാത്ത നോ ഫ് ളൈയിംഗ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും കമ്പനി അറിയിച്ചു.
നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന യാത്രക്കാരെ നിശ്ചിത കാലത്തേക്ക് നോ ഫ്‌ളൈ ലിസറ്റില്‍ ഉള്‍പ്പെടുത്താനും യാത്ര നിരോധിക്കാനും വിമാനക്കമ്പനിയെ വ്യോമയാന റുഗലേറ്ററായ ഡി.ജി.സി.എ അനുവദിക്കുന്നുണ്ട്.
വ്യാഴാഴ്ച ഈ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് അന്വേഷിക്കുകയാണെന്ന് മന്ത്രി സിന്ധ്യ പ്രതികരിച്ചത്. ഇത്തരം ദ്രോഹകരമായ പെരുമാറ്റങ്ങളോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ജനുവരിയില്‍തന്നെ ഈ വീഡിയോയെ കുറിച്ചുള്ള വിവരം തങ്ങളുടെ ശ്രദ്ധയില്‍പെട്ടിരുന്നുവെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) വൃത്തങ്ങള്‍ പറഞ്ഞു. വിമാന കമ്പനിയെ അറിയിച്ചതിനു പുറമെ ഗുരുഗ്രാം പോലീസിലേക്ക് പരാതി അയച്ചിരുന്നുവെന്നും സി.ഐ.എസ്.എഫ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഗുരുഗ്രാമില്‍ യാത്രക്കാരനെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്.
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ യാത്രക്കാരന്‍ സിഗരറ്റ് വലിച്ച സംഭവം കഴിഞ്ഞ ജനുവരിയില്‍തന്നെ വിശദമായി അന്വേഷിച്ചിരുന്നുവെന്ന് കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു. വീഡിയോ ശ്രദ്ധയില്‍ പെട്ടയുടന്‍ ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി ഫയല്‍ ചെയ്തു. ദുബായില്‍നിന്ന് ദല്‍ഹിയിലേക്ക് വന്ന എസ്.ജി 706 വിമാനത്തില്‍ ജനുവരി 20നായിരുന്നു സംഭവമെന്നും കമ്പനി വ്യക്തമാക്കി.
വിമാനത്തിലെ 21 ാമത് നിരയിലാണ് യാത്രക്കാരനും സഹയാത്രക്കാരനും ചേര്‍ന്ന് വീഡിയോ ഷൂട്ട് ചെയ്തത്. വിമാന ജോലിക്കാര്‍ മറ്റു യാത്രക്കാരുടെ ബോര്‍ഡിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ജനുവരി 24 നാണ് സംഭവം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ ഉള്‍പ്പെടാത്ത ആഭ്യന്തര കമ്മിറ്റിയാണ് അന്വേഷിച്ച് യാത്രക്കാരനെ ഫെബ്രുവരിയില്‍ 15 ദിവസത്തേക്ക് നോ ഫ്‌ളൈയിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്-സ്‌പൈസ് ജെറ്റ് വിശദീകരിച്ചു.  

 

 

Latest News