Sorry, you need to enable JavaScript to visit this website.

സി.പി.എം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

ഹൈദരാബാദ് - കേരളത്തിൽ മാത്രം ഭരണത്തിലിരിക്കുകയും ബംഗാളും ത്രിപുരയും കൈവിട്ടു പോവുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിൽ പാർട്ടിയെ ശക്തിപ്പെടുത്താനും തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ അടവു നയം രൂപീകരിക്കാനുമുള്ള സി.പി.എം 22 ാം പാർട്ടി കോൺഗ്രസിന് ഇന്ന് ഹൈദരാബാദിൽ തുടക്കം. 
രാഷ്ട്രീയ അടവു നയത്തിനും ധാരണകൾക്കും രൂപം നൽകുന്ന ചർച്ചകളിൽ പ്രധാനമായും ഉയർന്നുവരിക രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ കൈ പിടിക്കേണ്ടതുണ്ടോ എന്നതാവും. ഈ വിഷയത്തിൽ ഇന്നലെ തന്നെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടിന്റെ വാദത്തെ പിന്തുണയ്ക്കുന്ന കേരള ഘടകവും നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. 
763 പ്രതിനിധികൾ പങ്കെടുക്കുന്ന പാർട്ടി കോൺഗ്രസിൽ ആദ്യ രണ്ടു ദിവസങ്ങളിൽ കരട് രാഷ്ട്രീയ പ്രമേയ അവതരണവും അതിന്മേലുള്ള ചർച്ചകളും നടക്കും. ആറായിരത്തിലധികം ഭേദഗതി നിർദേശങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇതിൻമേൽ ലഭിച്ചിരുന്നു. കോൺഗ്രസുമായുള്ള സഹകരണത്തെ പിന്തുണക്കുന്ന ബംഗാൾ ഘടകത്തിൽ നിന്നാണ് ഏറ്റവുമധികം ഭേദഗതി നിർദേശങ്ങൾ ലഭിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ രൂക്ഷമായ തർക്കം ഉയർന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ നിന്നുൾപ്പെടെ ലഭിച്ച ഭേദഗതി നിർദേശങ്ങൾ ചൂടേറിയ ചർച്ചകൾക്കു വഴി തെളിക്കും. കേരള, ബംഗാൾ ഘടകങ്ങളിൽനിന്ന് 175 വീതം പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. മതേതര കക്ഷികളുമായി ധാരണ വേണമെന്ന യെച്ചൂരിയുടെ വാദത്തിനൊപ്പം ബംഗാൾ ഘടകം ഉറച്ചു നിൽക്കുമ്പോൾ ഒരു തരത്തിലുള്ള ധാരണയും വേണ്ടെന്ന കാരാട്ടിന്റെ നിലപാടിനോട് ചേർന്നു നിൽക്കുന്ന കേരള ഘടത്തിന്റെ നിലപാടുകൾ പാർട്ടി കോൺഗ്രസിൽ നിർണായകമാകും.
21 നാണ് രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് അവതരണം. അതിന്മേൽ 22 വരെ ചർച്ച നടക്കും. തെരഞ്ഞെടുപ്പുകളിൽ ഒറ്റ ബി.ജെ.പി വിരുദ്ധ വോട്ടു പോലും ചോർന്നു പോകാതിരിക്കാനുള്ള അടവു നയത്തിനു പാർട്ടി കോൺഗ്രസിൽ രൂപം നൽകുമെന്നാണ് പോളിറ്റ് ബ്യൂറോ അംഗങ്ങൾ വ്യക്തമാക്കിയത്. 25 വർഷത്തെ ഭരണത്തിനു ശേഷം കൈവിട്ടുപോയ ത്രിപുര തിരിച്ചുപിടിക്കുന്നതിനും വിവിധ സംസ്ഥാനങ്ങളിൽ ഭരണത്തിലേക്കു അടുക്കാനുമുള്ള തന്ത്രങ്ങൾക്കും പാർട്ടി കോൺഗ്രസ് രൂപം നൽകും. 
അതോടൊപ്പം പുതിയ പി.ബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കും. കേരളത്തിൽ നിന്നും കൂടുതൽ നേതാക്കൾ പി.ബിയിലും സി.സിയിലുമെത്തും. മുതിർന്ന നേതാക്കളായ എസ്. രാമചന്ദ്രൻ പിള്ളയും എ.കെ. പദ്മനാഭനും സ്ഥാനമൊഴിയുമെന്നാണ് സൂചന. പകരം എ. വിജയരാഘവനും എ.കെ. ബാലനും പോളിറ്റ് ബ്യൂറോയിലും ബേബി ജോൺ, എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ എന്നിവർ കേന്ദ്ര കമ്മിറ്റിയിലും എത്താനാണ് സാധ്യത. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിന് കേരളത്തിൽനിന്ന് വി.എസ്. അച്യുതാനന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരടക്കമുള്ള നേതാക്കൾ ഇന്നലെ ഹൈദരാബാദിലെത്തി.

Latest News