കായംകുളം- കുഴികള്‍ നിറഞ്ഞ കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വലിയ തോതില്‍ ചര്‍ച്ചയാകുന്നതിനിടെ, കായംകുളം ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐയ്ക്ക് പരുക്ക്. കായംകുളം പ്രിന്‍സിപ്പല്‍ എസ്‌ഐ ഉദയകുമാറിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുമ്പോഴാണ് അപകടം.
ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ല്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള പ്രദേശമാണ് ഹരിപ്പാട് മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗം. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുഴികള്‍ രൂപപ്പെട്ട് അപകടം സൃഷ്ടിക്കുന്ന മേഖലയാണ് കായംകുളം- കൃഷ്ണപുരം പാത. ഇവിടെ കെപിഎസിക്കു മുന്നിലുള്ള റോഡില്‍വച്ചാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്‌ഐ അപകടത്തില്‍പ്പെട്ടത്.
രാത്രി 11 മണിയോടെ ഡ്യൂട്ടി പൂര്‍ത്തിയാക്കി ബൈക്കില്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഇദ്ദേഹം കുഴിയില്‍ വീണത്. ബൈക്കില്‍നിന്ന് നിലത്തുവീണ ഇദ്ദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.