Sorry, you need to enable JavaScript to visit this website.

ടി.വി.ആർ. ഷേണായി  അന്തരിച്ചു

മംഗലാപുരം- ഇന്ദ്രപ്രസ്ഥത്തിൽ മലയാള മാധ്യമ പ്രവർത്തനത്തിന്റെ മുഖമായി ഒരു കാലത്ത് പേരെടുത്ത പ്രമുഖ മാധ്യമ പ്രവർത്തകൻ ടി.വി.ആർ. ഷേണായി (77) നിര്യാതനായി. ഇന്നലെ വൈകിട്ട് ഏഴരയോടെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. സരോജമാണു ഭാര്യ. സുജാത, അജിത് എന്നിവരാണ് മക്കൾ. 
എറണാകുളം ചെറായി സ്വദേശിയായ ഷേണായി ദീർഘകാലം മലയാള മനോരമ ദൽഹി ബ്യൂറോ ചീഫും പിന്നീട് 'ദ് വീക്ക്' വാരിക എഡിറ്ററുമായിരുന്നു. ഇന്ത്യൻ എക്‌സ്പ്രസിലൂടെ പത്രപ്രവർത്തന രംഗത്ത് വന്നു. 1990-92  കാലയളവിൽ 'സൺഡേ മെയിൽ' പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. പ്രസാദ്ഭാരതി നിർവാഹക സമിതിയംഗമായിരുന്നു.
അഞ്ചു പതിറ്റാണ്ടോളം സജീവ പത്രപ്രവർത്തകനായിരുന്ന ഷേണായി സാമ്പത്തിക–രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിലും ശ്രദ്ധ നേടി. വിദേശ പത്രങ്ങളടക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ എഴുതി. ഓക്‌സ്ഫഡ് സർവകലാശാലയടക്കം വിവിധ വേദികളിൽ സാമ്പത്തിക–രാഷ്ട്രീയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. 2003–ൽ പത്മഭൂഷൺ ബഹുമതിക്ക് അർഹനായി. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ അലാവിറ്റ കമാണ്ടർ വിസ്ഡം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അവസാന കാലത്ത് ബി.ജെ.പിയുമായി ആഭിമുഖ്യം പുലർത്തിയ ഷേണായി, വാജ്‌പേയിയുടെ കാലത്ത് പ്രധാനമന്ത്രിയുടെ വിദേശ യാത്രകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.

Latest News