പട്‌ന- സാധാരണഗതിയില്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവായിരിക്കും മുഖ്യമന്ത്രിയാകുക. അല്ലെങ്കില്‍ ഭരണസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ്. എന്നാല്‍ ഈ ചരിത്രം പലതലണ തിരുത്തിയ ആളാണ് ബിഹാറിലെ നിതീഷ്‌കുമാര്‍.
ബി.ജെ.പിയോട് കൂട്ടുവെട്ടി ആര്‍.ജെ.ഡിയുമായി സഖ്യം ചേര്‍ന്ന് ഒരിക്കല്‍ കൂടി ബിഹാറിന്റെ മുഖ്യമന്ത്രി കസേരയിലെത്തിയിരിക്കുകയാണ് നിതീഷ് കുമാര്‍. കളം നിറഞ്ഞ് കളിക്കാനും വേണ്ടി വന്നാല്‍ കളം മാറ്റി ചവിട്ടാനും മടിയില്ലാത്ത നേതാവാണ് നിതീഷ് കുമാര്‍.
തന്റെ പാര്‍ട്ടിക്ക് തനിച്ച് ഭൂരിപക്ഷമില്ലാതെ എട്ടു തവണ ബീഹാര്‍ മുഖ്യമന്ത്രിയായി എന്നതാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറായ നിതീഷ് കുമാറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ രണ്ടാം തവണ 2005 മുതല്‍ 2010 വരെ രാജി വെക്കാതെ അധികാരത്തില്‍ ഇരുന്നു. 2010 ല്‍ വീണ്ടും മുഖ്യമന്ത്രിയായി.