പട്‌ന- ബിഹാറിൽ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച ജെ.ഡി.യു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റു. വിശാലസഖ്യത്തിന്റെ മുഖ്യമന്ത്രിയായാണ് നിതീഷ് കുമാർ അധികാരമേറ്റത്. ഇത് എട്ടാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. ഉപമുഖ്യന്ത്രിയായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും അധികാരമേറ്റു. മറ്റു മന്ത്രിമാർ രണ്ടു ദിവസത്തിനകം അധികാരമേൽക്കും. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരെ നിതീഷ് കുമാറും സ്പീക്കറെ തേജസ്വിയും തീരുമാനിക്കും. ജെ.ഡി.യു-ആർ.ജെ.ഡി-കോൺഗ്രസ് സഖ്യ സർക്കാരാണ് രൂപീകരിക്കുന്നത്. 2015-ലും നിതീഷ് മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റിരുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ച മഹാസഖ്യത്തിൽനിന്ന് പിന്നീട് പുറത്തുപോയ നിതീഷ് കുമാർ ബി.ജെ.പി പിന്തുണയോടെ അധികാരത്തിലെത്തി. സമാന കാഴ്ചക്കാണ് രാജ്യം ഇന്നും സാക്ഷിയാകുന്നത്.
തിരക്കിട്ട നീക്കങ്ങളാണ് ഇന്നലെ പകൽ പട്‌ന കണ്ടത്. രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വസതിയിൽ ആർ.ജെ.ഡി എം.എൽ.എമാരും നേതാക്കളും യോഗം ചേർന്നു. പിന്നീട് ആർ.ജെ.ഡി-കോൺഗ്രസ് കൂടിക്കാഴ്ചയും നടന്നു. നിതീഷ് കുമാർ ബി.ജെ.പി മുന്നണി വിട്ടാൽ സഖ്യത്തിന് തയാറാണെന്ന് ആർ.ജെ.ഡിയും കോൺഗ്രസും സൂചിപ്പിച്ചിരുന്നു. ഹിന്ദുസ്ഥാൻ അവാം മോർച്ചയും സി.പി.ഐ-എം.എല്ലും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.