Sorry, you need to enable JavaScript to visit this website.

സി.പി.ഐയിൽ കാനം-ഇസ്മായിൽ പക്ഷങ്ങളില്ലെന്ന് വി.ബി. ബിനു

കോട്ടയം- ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത് സംഘടനാപരമായ നടപടിയാണെന്നും സി.പി.ഐയിൽ കാനം-ഇസ്മായിൽ പക്ഷങ്ങളില്ലെന്നും സി.പി.ഐയുടെ പുതിയ ജില്ലാ സെക്രട്ടറി വി.ബി. ബിനു. ചൊവ്വാഴ്ച ഏറ്റുമാനൂരിൽ സമാപിച്ച ജില്ലാ സമ്മേളനത്തിലാണ് ഇതാദ്യമായി വോട്ടെടുപ്പിലൂടെ ജില്ലാ സെക്രട്ടറിയെ നിശ്ചയിച്ചത്. 
ഉപരിഘടകം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു പേരു നിർദേശിച്ചു. സംസ്ഥാന സമിതിയുടെ നിർദേശം വന്നുവെങ്കിലും ജില്ലാ ഘടകത്തിലെ സെക്രട്ടറിയെ തീരുമാനിക്കുന്നത് ജില്ല കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ചായിരിക്കണമെന്നാണ് ഭരണഘടന പറയുന്നത്. 
അതനുസരിച്ചാണ് ജില്ല കമ്മിറ്റിയിൽ പേരു നിർദേശിക്കപ്പെട്ടതും പിന്നീട് അത് വോട്ടെടുപ്പിലൂടെ തീരുമാനിക്കുകയും ചെയ്തത്. സെക്രട്ടറിമാരെ അടിച്ചേൽപിക്കുന്ന രീതി സി.പി.ഐയിലില്ല. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വോട്ടെടുപ്പ്. ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നതിൽ അസ്വാഭാവികത ഇല്ല. ഭരണഘടനാപരമായിരുന്നു തെരഞ്ഞെടുപ്പ്. സി.പി.ഐയിൽ കാനം-ഇസ്മായിൽ പക്ഷവുമില്ല.
കേരള കോൺഗ്രസ് വന്നതുകൊണ്ട് ജില്ലയിൽ സി.പി.ഐക്കും ഇടതുമുന്നണിക്കും കരുത്തായി. കേരള കോൺഗ്രസ് ശക്തികേന്ദ്രത്തിൽ അവർക്കു സീറ്റു കൂടുതൽ നൽകുന്നത് സ്വാഭാവികമാണ്. അതിനായി വിട്ടുവീഴ്ച്ച ചെയ്തിട്ടുണ്ട്. അർഹമായ സീറ്റു വിട്ടു നൽകി. കേരള കോൺഗ്രസ് വന്നതുകൊണ്ടു ദോഷമില്ല. ഗുണമേയുള്ളൂ. കേരള കോൺഗ്രസ് വന്നതിനെക്കുറിച്ചുള്ള പോസിറ്റീവും നെഗറ്റീവുമായ വശങ്ങൾ ചർച്ച ചെയ്തിരുന്നു. എന്നിട്ടാണ് തീരുമാനത്തിലെത്തിയത്. തന്നെ ആദ്യം വിളിച്ച് അഭിനന്ദിച്ചവരിൽ മന്ത്രി വി.എൻ. വാസവനും ജോസ് കെ. മാണി എം.പിയും ഉൾപ്പെടുന്നു.
മഹാത്മാഗാന്ധിയുടെ സന്ദർശനത്താൽ പേരുകേട്ട വൈക്കത്തെ ഇണ്ടംതുരുത്തി മന സർക്കാർ ഏറ്റെടുക്കണമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന അഡ്വ. വി.ബി. ബിനു തള്ളിക്കളഞ്ഞു. 
നിലവിൽ എ.ഐ.ടി.യു.സി ചെത്ത് തൊഴിലാളി യൂനിയൻ ഓഫീസായ വൈക്കം ഇണ്ടംതുരുത്തി മന സർക്കാർ ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കണം എന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആവശ്യം. കെ. സുരേന്ദ്രന് ചരിത്രം അറിയാത്തതിന്റെ പ്രശ്‌നമാണെന്നായിരുന്നു വി.ബി. ബിനുവിന്റെ നിലപാട്. സി.പി.ഐ മന വില കൊടുത്ത് വാങ്ങുകയാണ് ചെയ്തത്. ചരിത്ര ഗവേഷണ വിദ്യാർഥികൾ ഇന്നും ഇണ്ടംതുരുത്തി മന സന്ദർശിക്കാൻ എത്തുന്നുണ്ട്. അതൊരു ചരിത്രസ്മാരകമായാണ് ഇപ്പോഴും തുടരുന്നത്. സി.പി.ഐ തന്നെ മന ചരിത്ര സ്മാരകമാക്കി സൂക്ഷിക്കും. അതുകൊണ്ടാണ് മന നവീകരിക്കുന്ന തീരുമാനം എടുത്തത്. അല്ലെങ്കിൽ കെട്ടിടം വാങ്ങിയ ശേഷം പൊളിക്കാമായിരുന്നല്ലോ എന്നും വി.ബി. ബിനു ചോദിച്ചു. കെട്ടിടം നവീകരിക്കുന്നതിനുള്ള പണം പാർട്ടി അംഗങ്ങൾ സ്വമനസ്സാലേ സംഭാവന ചെയ്തതാണ്. ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് തൊട്ടുകൂടായ്മക്കെതിരെ നടന്ന ഇതിഹാസ സമരത്തോടനുബന്ധിച്ചാണ് വൈക്കത്ത് മഹാത്മാഗാന്ധി എത്തിയത്. അന്ന് ഇണ്ടംതുരുത്തി മനയിൽ അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചത് ചരിത്ര സംഭവമാണ്. തുടർന്നുണ്ടായ ശക്തമായ പോരാട്ടങ്ങളുടെ അവശേഷിക്കുന്ന ചരിത്ര സ്മാരകമായി മന മാറുകയായിരുന്നു.

Latest News