മലപ്പുറം- ഫലം പ്രഖ്യാപിച്ച് രണ്ടു മാസത്തോളമായിട്ടും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ലഭ്യമാകാത്തതിനാൽ പ്ലസ് വൺ പ്രവേശനം ദുരിതമയമാകുന്നതായി പരാതി.
പ്ലസ് വൺ പ്രവേശന സമയത്ത് വിദ്യാർഥി അപേക്ഷയിൽ നൽകിയ വിവരങ്ങളുടെ സാധുത പരിശോധിക്കാനുള്ള ആധികാരിക രേഖയാണ് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്. വിദ്യാർഥിക്ക് പ്രവേശനം ലഭിച്ച കാറ്റഗറി, ജാതി, വിദ്യാർഥി ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ പ്രദേശം, പഠിച്ച സ്കൂൾ, ജനന തിയതി, ലഭിച്ച ഗ്രേഡ്, രജിസ്റ്റർ നമ്പർ തുടങ്ങി നിരവധി വിവരങ്ങളുടെ പരിശോധനക്ക് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ആവശ്യമാണ്. പലപ്പോഴും അപേക്ഷാ സമയത്ത് തെറ്റായി നൽകുന്ന വിവരങ്ങൾ കാരണം പലർക്കും പ്രവേശനം നിഷേധിക്കപ്പെടാറുണ്ട്. ഉദാഹരണമായി ഹിന്ദു പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന ഉപവിഭാഗങ്ങൾക്ക് പ്രത്യേക ക്വാട്ട ഉണ്ടെന്നിരിക്കെ വിദ്യാർഥി അപേക്ഷയിൽ നൽകിയ വിവരം ശരിയാണോയെന്നു പരിശോധിക്കാൻ എസ്.എസ.്എൽ.സി സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്. തെറ്റായി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നൽകാനാകില്ല. വിദ്യാർഥിയുടെ എസ്.എസ്.എൽ.സി മാർക്ക് നിലവിൽ പരിശോധിക്കുന്നതു ഇന്റർനെറ്റ് കോപ്പിയിലൂടെയാണ്. ഇതിൽ പലതിലും വിദ്യാർഥിയുടെ കാറ്റഗറി, തദ്ദേശ സ്വയംഭരണ പ്രദേശം തുടങ്ങിയവ അടയാളപ്പെടുത്താത്തത് പ്രവേശന സമയത്ത് വിദ്യാർഥികൾക്കും സ്കൂൾ അധികൃതർക്കും തലവേദനയായിരിക്കുകയാണ്. ബോണസ് മാർക്ക് ലഭിക്കുന്ന തദ്ദേശ ഭരണപ്രദേശം തെളിയിക്കാൻ പലർക്കും റേഷൻ കാർഡോ അല്ലെങ്കിൽ വില്ലേജ് ഓഫീസ് കയറിയിറങ്ങി നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടി വരികയാണ്. കേരളത്തിനു പുറത്തു എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളും പ്ലസ് വൺ പ്രവേശനത്തിനു ഹാജരാകുന്നുണ്ട്. ഇവരുടെ കമ്യൂണിറ്റിയും തദ്ദേശസ്വയം ഭരണ പ്രദേശവും തെളിയിക്കാൻ എസ്.എസ്.എൽ.സി തന്നെയാണ് ആശ്രയമെന്നിരിക്കെ ഇതു ലഭ്യമല്ലാത്തതു ഏറെ വിഷമമുണ്ടാക്കുന്നുണ്ട്. പ്ലസ് വൺ പ്രവേശനത്തിനാവശ്യമായ ഏറ്റവും പ്രധാന രേഖയായ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് യഥാസമയത്ത് ലഭ്യമാക്കാത്ത നടപടി തികച്ചും നിരുത്തരവാദിത്തപരമാണെന്നും തുടർന്നുള്ള അലോട്ട്മെന്റിനു മുമ്പെങ്കിലും സർട്ടിഫിക്കറ്റ് വിദ്യാർഥികൾക്കു ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്നും എച്ച്.എസ്.എസ്.ടി.എ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ടി. ഉമ്മർ അധ്യക്ഷത വഹിച്ചു. നേതാക്കളായ റോയിച്ചൻ ഡൊമനിക്ക്, ടി.എസ്. ഡാനിഷ്, കെ. സനോജ്, ഡോ. വി. അബ്ദുസമദ്, കെ. മുഹമ്മദ് റസാഖ്, കെ. ജിതേഷ് എന്നിവർ പ്രസംഗിച്ചു.