ജയ്‌സാല്‍മര്‍- ജില്ലാ കലക്ടര്‍ ടിന ദാബിയുടെ ഫോട്ടോ ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. ടിനയുടെ ഫോട്ടോയുള്ള വാട്‌സ്ആപ്പ് നമ്പറില്‍നിന്ന് ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് രാജസ്ഥാന്‍ അര്‍ബന്‍ ഇംപ്രൂവ്‌മെന്റ് ്ട്രസ്റ്റ് സെക്രട്ടറി സുനിതാ ചൗധരി നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ദുംഗാര്‍പുര്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്.
വാട്‌സ്ആപ്പില്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത യുവാവ് ഡിസ്‌പ്ലേ ചിത്രമായി ഐ.എ.എസ് ഉദ്യോഗസ്ഥ ടിന ദാബിയുടെ ഫോട്ടോ ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ തുകക്കുള്ള ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് ആവശ്യപ്പെട്ട് മെസേജ് അയച്ചു.
സുനിത ചൗധരിക്ക് ലഭിച്ച സന്ദേശത്തിലെ ഇംഗ്ലീഷ് ശരിയല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇത് കലക്ടര്‍ ടിന ദാബി തന്നെയാണോ എന്ന സംശയം ഉയര്‍ന്നത്. എന്തെങ്കിലും കാര്യത്തിനാകുമെന്നാണ് കരുതിയത്. പക്ഷെ, ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകളാണ് ആവശ്യപ്പെട്ടത്. താന്‍ ആമസോണ്‍ ഉപയോഗിക്കാറില്ലെന്നും സുനിതാ ചൗധരി പറഞ്ഞു.
ഇതിനു പിന്നാലെ ടിന ദാബിക്ക് ഫോണ്‍ ചെയ്തപ്പോഴാണ് തന്റെ പേരില്‍ ത്ട്ടിപ്പ് നടക്കുന്നതായി അവര്‍ അറിഞ്ഞത്. ഉടന്‍തന്നെ പോലീസ് സൂപ്രണ്ടിനെ അറിയിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും നടപടികള്‍ തുടങ്ങിയത്. സൈബര്‍ സംഘത്തിന്റെ സഹായത്തോടെ തട്ടിപ്പുകാരന്റെ ലൊക്കേഷന്‍ ദുംഗാര്‍പുര്‍ ജില്ലയിലാണെന്ന് കണ്ടെത്തി. ദുംഗാര്‍പുര്‍ എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
അജ്ഞാത നമ്പറുകളില്‍നിന്ന് വരുന്ന സന്ദേശങ്ങളെ കുറിച്ച് ജാഗ്രതപുലര്‍ത്തണമെന്നും തനിക്ക് ഒരു ഔദ്യോഗിക നമ്പര്‍ മാത്രമേയുള്ളൂവന്നും ജയ്‌സാല്‍മര്‍ കലക്ടര്‍ ടിന ദാബി പറഞ്ഞു.