കൊല്‍ക്കത്ത- വിദ്യാര്‍ഥി ഇന്‍സ്റ്റഗ്രാമില്‍ അധ്യാപികയുടെ ബികിനി ഫോട്ടോകള്‍ കണ്ടതിനെ തുടര്‍ന്നാണ് സര്‍വകലാശാല ജോലിയില്‍നിന്ന് പിരിച്ചുവിട്ടതെന്ന് ആരോപണം. കൊല്‍ക്കത്ത സെന്റ് സേവിയേഴ്‌സ് സര്‍വകലാശാലയിലെ മുന്‍ അസി.പ്രൊഫസറാണ് ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പിതാവാണ് മകന്‍ വനിതാ പ്രൊഫസറുടെ നഗ്നചിത്രങ്ങള്‍ നോക്കിയിരിപ്പാണെന്ന് രേഖാമൂലം പരാതി നല്‍കിയത്. വൃത്തികെട്ട അശ്ലീല ചിത്രങ്ങളെന്നാണ് പിതാവ് പരാതിയില്‍ പറഞ്ഞത്. ബി.ജെ. മുഖര്‍ജിയെന്ന രക്ഷിതാവ് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് ഷെയര്‍ ചെയ്തിട്ടുണ്ട്. 18 കാരനായ മകനാണ് പ്രൊഫസറുടെ നഗ്നമേനി പൊതു പ്ലാറ്റ്‌ഫോമില്‍ കണ്ടെതെന്നും പിതാവ് പറയുന്നു.
2021 ഒക്ടോബര്‍ ഏഴിനു ചേര്‍ന്ന യൂനിവേഴ്‌സിറ്റി അധികൃതരുടെ യോഗത്തില്‍ സെന്റ് സേവിയേഴ്‌സ് വൈസ് ചാന്‍സലര്‍ രക്ഷിതാവിന്റെ പരാതിയും ഇന്‍സ്റ്റഗ്രാമില്‍നിന്നുള്ള പ്രൊഫസറുടെ ചിത്രങ്ങളും കാണിച്ചിരുന്നുവെന്ന് വനിതാ പ്രൊഫസര്‍ പറയുന്നു.
എന്നാല്‍ എങ്ങനെയാണ് ഈ ഫോട്ടോകള്‍ ലഭിച്ചതെന്നോ വിദ്യാര്‍ഥി നോക്കിയെന്ന് പറയുന്ന ഏതു ഫോട്ടോകളാണ് അശ്ലീലമെന്നോ തന്നെ അറിയിച്ചിട്ടില്ലെന്ന് പ്രൊഫസര്‍ പറയുന്നു. യൂനിവേഴ്‌സിറ്റിയുടെ പ്രതിഛായ തകര്‍ത്തുവെന്ന് ആരോപിച്ചാണ് തന്നെ ജോലി രാജിവെക്കാന്‍ നിര്‍ബന്ധിച്ചതെന്നും അവര്‍ പറയുന്നു. എന്നാല്‍ വനിതാ അധ്യാപികയുടെ ആരോപണങ്ങള്‍ നിഷേധിക്കുന്ന യൂനിവേഴ്‌സിറ്റി അവര്‍ സ്വമേധയാ രാജിവെച്ചു പോയതാണെന്ന് വിശദീകരിക്കുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നും തുടര്‍ന്നാണ് ചിത്രങ്ങള്‍ പ്രചരിച്ചതെന്നും അധ്യാപിക 2021 ഒക്ടോബര്‍ 24 ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. യൂനിവേഴ്‌സിറ്റി തന്നെ പുറത്താക്കിയ നടപടി ലൈംഗിക പീഡനവും വ്യക്തിഹത്യയുമാണെന്നും അവര്‍ ആരോപിക്കുന്നു.