റിയാദ് - ആശ്രിത ലെവി നടപ്പാക്കിയതും സ്വകാര്യ മേഖലാ തൊഴിലാളികൾക്കുള്ള ലെവി വർധിപ്പിച്ചതും മൂലം റമദാനു ശേഷം ഫഌറ്റുകളുടെയും കട മുറികളുടെയും വാടക ഇനിയും കുറയുമെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധർ. സ്‌കൂൾ അധ്യയന വർഷം അവസാനിക്കുന്നതോടെ നിരവധി വിദേശികൾ എന്നെന്നേക്കുമായി സൗദി വിടും. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായുള്ള മാന്ദ്യവും ലെവിയും മൂലം പതിനായിരക്കണക്കിന് വിദേശികൾ ഇതിനകം തന്നെ കുടുംബങ്ങളെ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. നിരവധി പേർ ഈ കൊല്ലത്തെ അധ്യയന വർഷം പൂർത്തിയാകുന്നത് കാത്തിരിക്കുകയാണ്.
വർഷങ്ങൾക്കു മുമ്പ് ഫഌറ്റുകളും കട മുറികളും വാടകക്ക് ലഭിക്കാനില്ലാത്ത സാഹചര്യമാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി തീർത്തും മാറി. പ്രധാന നഗരങ്ങളിലെല്ലാം നിരവധി ഫഌറ്റുകളും കട മുറികളും ഒഴിഞ്ഞുകിടക്കുന്നു. വാടകക്കാരെ ആകർഷിക്കുന്നതിന് ചില കെട്ടിട ഉടമകൾ ഓഫറുകൾ പ്രഖ്യാപിക്കുന്നുണ്ട്. നിശ്ചിത കാലത്തേക്ക് വാടക ഒഴിവാക്കി നൽകുന്നതടക്കമുള്ള ഓഫറാണ് വാഗ്ദാനം.
മുൻകാലത്ത് ഇടക്കിടെ തോന്നിയ പോലെ വാടക ഉയർത്തിയിരുന്ന കെട്ടിട ഉടമകൾ ഇപ്പോൾ വാടകക്കാരെ നിലനിർത്തുന്നതിന് വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് റിയൽ എസ്റ്റേറ്റ് ഓഫീസ് ഉടമകൾ പറഞ്ഞു. ഇതിന്റെ ഫലമായി വാടക പത്തു മുതൽ 15 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. എന്നിട്ടും പുതിയ വാടകക്കാരെ കണ്ടെത്താൻ കഴിയുന്നില്ല.
ജിദ്ദ, റിയാദ്, ദമാം പോലുള്ള നഗരങ്ങളിൽ കാലിയായി കിടക്കുന്ന ഫഌറ്റുകളുടെ എണ്ണം വൻതോതിൽ വർധിക്കുന്നതിന് ആശ്രിത ലെവി ഇടയാക്കിയതായി സാമ്പത്തിക വിദഗ്ധൻ അഹ്മദ് അൽശഹ്‌രി പറഞ്ഞു. വരും കാലത്ത് വാടക ഇനിയും കുറയുമെന്നാണ് കരുതുന്നത്. ആശ്രിത ലെവി താങ്ങാനാവാതെ വിദേശികളായ അവിദഗ്ധ തൊഴിലാളികൾ രാജ്യം വിടുന്നത് തങ്ങളുടെ മാസ വരുമാനത്തിന് യോജിക്കുന്ന നിരക്കിലുള്ള ഫഌറ്റുകൾ ലഭിക്കുന്നതിന് സൗദി കുടുംബങ്ങൾക്ക് സുവർണാവസരമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആശ്രിത ലെവിയുടെ ഫലമായി മൂന്നു വർഷത്തിനുള്ളിൽ ഏഴു ലക്ഷത്തോളം വിദേശികൾ സൗദി അറേബ്യ വിടുമെന്ന് പ്രതീക്ഷിക്കുന്നതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതിൽ കൂടുതൽ പേർ രാജ്യം വിടുമെന്നാണ് ഇതിനകം പുറത്തു വന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 13.3 ദശലക്ഷം വിദേശികളാണുള്ളത്. ഇതിൽ 11.1 ദശലക്ഷം പേർ തൊഴിലാളികളും 2.2 ദശലക്ഷം പേർ ആശ്രിതരുമാണ്.