Sorry, you need to enable JavaScript to visit this website.

ഉടമസ്ഥരെത്താത്ത സഹകരണബാങ്കുകളിലെ   നിക്ഷേപം കേരള സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

തിരുവനന്തപുരം-  റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണബാങ്കുകളിലെയും സഹകരണസംഘങ്ങളിലെയും ഉടമസ്ഥരെത്താത്ത നിക്ഷേപം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇത് സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം.
500 കോടി രൂപയിലേറെ ഇത്തരത്തില്‍ സഹകരണ ബാങ്കുകളിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതുകൂടി ഉള്‍പ്പെടുത്തി സഹകരണസംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കും വിധം സഹകരണനിക്ഷേപ ഗാരന്റി സ്‌കീം പരിഷ്‌കരിക്കും.
കാലാവധി പൂര്‍ത്തിയായി പത്തുവര്‍ഷം കഴിഞ്ഞിട്ടും പിന്‍വലിക്കാത്ത നിക്ഷേപമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. പത്തുവര്‍ഷമായി ഇടപാട് നടത്താതെ കിടക്കുന്ന എസ്.ബി. അക്കൗണ്ടിലെ പണവും സംഘങ്ങളില്‍നിന്ന് ഗാരന്റി ബോര്‍ഡിലേക്ക് മാറ്റും. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളിലെയും 13,500 പ്രാഥമിക സഹകരണ സംഘങ്ങളിലെയും നിക്ഷേപമാണ് മാറ്റുന്നത്. ഈ നിക്ഷേപത്തിന് പിന്നീട് അവകാശികളെത്തിയാല്‍ അവ പലിശസഹിതം സംഘങ്ങള്‍ നല്‍കണം. നല്‍കിയ തുക പിന്നീട് സംഘത്തിന് സര്‍ക്കാര്‍ അനുവദിച്ചുനല്‍കും. ഈ രീതിയിലാണ് വ്യവസ്ഥകള്‍ ക്രമീകരിക്കുന്നത്.
വാണിജ്യബാങ്കുകളിലെയും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിലെയും ഉടമസ്ഥരെത്താത്ത പണം ആര്‍.ബി.ഐ.ക്ക് കൈമാറണം. കേരളബാങ്കും അര്‍ബന്‍ സഹകരണ ബാങ്കുകളും മലപ്പുറം ജില്ലാബാങ്കും ഇത്തരത്തില്‍ റിസര്‍വ് ബാങ്കിനാണ് പണം നല്‍കേണ്ടത്. മറ്റു സഹകരണസംഘങ്ങളിലെ പിന്‍വലിക്കപ്പെടാത്ത പണം നിലവില്‍ അതത് സംഘങ്ങളില്‍തന്നെയാണ് സൂക്ഷിക്കുന്നത്.
 

Latest News