ഇടുക്കി-വെളളിയാഴ്ച രാത്രി ഉരുള്‍പൊട്ടി കനത്ത നാശമുണ്ടായ മൂന്നാര്‍ കുണ്ടള ചെണ്ടുവര എസ്റ്റേറ്റ് പുതുക്കടി ഡിവിഷനില്‍ രണ്ട് വട്ടം കൂടി ഉരുള്‍പൊട്ടി. ശനിയാഴ്ച തന്നെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. പുലര്‍ച്ചെ 4നും 7നുമായി രണ്ട് തവണയാണ് ഉരുള്‍പൊട്ടലുണ്ടായത്. എസ്റ്റേറ്റ് ഓഫീസും വീടും തകര്‍ന്നു. ഒരു കെട്ടിടം പൂര്‍ണമായും മണ്ണിനടിയിലായി. വലിയ തോതില്‍ വെള്ളവും ചെളിയും കല്ലുമടക്കം ഒലിച്ചെത്തി.
അപകടസ്ഥലത്ത് നിന്ന് തൊഴിലാളികളെ മാറ്റിപാര്‍പ്പിച്ച ക്യാമ്പ് ഓഫീസിലേക്ക് പോകുന്ന വഴിയില്‍ മണ്ണിടിഞ്ഞ് വീണത് ദുരിതമായി. ക്യാമ്പിലേക്ക് ഭക്ഷണമടക്കമുള്ള അവശ്യവസ്തുകള്‍ എത്തിക്കുന്നത് ശ്രമകരമായി. കൂടുതല്‍ ദുരന്തമുണ്ടാകുമെന്ന ആശങ്കയില്‍ നിരവധി തൊഴിലാളികള്‍ താമസ സ്ഥലത്ത് നിന്ന് വീട്ടുപകരണങ്ങളും അത്യാവശ്യ സാധനങ്ങളും എടുത്ത് മറ്റിടങ്ങളിലേക്ക് മാറി.
കൂറ്റന്‍ പാറകളും ചെളിയും വന്നടിഞ്ഞ മൂന്നാര്‍-വട്ടവട റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പണികളും മണ്ണിടിയുന്ന സാഹചര്യത്തില്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നു. അപകട സാധ്യത മുന്നില്‍ കണ്ട് കുണ്ടളയിലേക്ക് പോകുന്ന വഴിയിലുള്ള എക്കോ പോയിന്റില്‍ വാഹനങ്ങള്‍ പോലീസ് തടഞ്ഞു.