ന്യൂദല്‍ഹി- രാജ്യത്തുടനീളം പലയിടത്തും എടിഎമ്മുകള്‍ കാലിയാകുകയും നോട്ട് ക്ഷാമം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തില്‍ 500 രൂപാ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാന്‍ ചൊവ്വാഴ്ച സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിദിനം അഞ്ഞൂറ് കോടിയോളം 500 രൂപാ നോട്ടുകളാണ് അച്ചടിക്കുന്നത്. ഇത് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിക്കാനാണു തീരുമാനമെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി എസ് സി ഗാര്‍ഗ് അറിയിച്ചു. പ്രതിദിനം 2,500 കോടി 500 രൂപാ നോട്ടുകള്‍ അച്ചടിച്ച് അടുത്ത ഏതാനും ദിവസങ്ങളില്‍ 70,000-75,000 കോടി പുതിയ നോട്ടുകള്‍ വിതരണം ചെയ്യും.
തിങ്കളാഴ്ച കിഴക്കന്‍ മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ രൂക്ഷമായ നോട്ടു ക്ഷാമം ചൊവ്വാഴ്ചയോടെ മറ്റു സംസ്ഥാനങ്ങളിലും വ്യാപകമായി. ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും എടിഎമ്മുകളില്‍ പണമില്ലെന്ന പരാതികള്‍ ഉയര്‍ന്നു. ഇതു താല്‍ക്കാലികമാണെന്നും ഉടന്‍ പരിഹരിക്കപ്പെടുമെന്നുമാണ് നേരത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചത്.