ന്യൂദല്‍ഹി- പൗരന്മാരുടെ വ്യക്തിഗത ബയോമെട്രിക് വിവരങ്ങളടങ്ങുന്ന ആധാര്‍ വിവര ശേഖരം ചോരുന്നത് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് സുപ്രിം കോടതി നീരീക്ഷിച്ചു. ആധാറിന്റെ നിയമപരമായ സാധുത പരിശോധിച്ചു വരുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസറ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഈ ആശങ്ക അറിയിച്ചത്. 'തെരഞ്ഞെടുപ്പു ഫലത്തെ സ്വധീനിക്കാന്‍ ആധാര്‍ വിവര ശേഖരത്തെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ജനാധിപത്യത്തിന് നിലനില്‍പ്പുണ്ടാകുമോ എന്നതാണ് യഥാര്‍ത്ഥ ആശങ്ക. ലഭ്യമായ ആധാര്‍ വിവരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കഴിയും,' ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു.
ഈ പ്രശന്ങ്ങള്‍ വെറും ലക്ഷണങ്ങള്‍ മാത്രമല്ല യഥാര്‍ത്ഥ പ്രശ്‌നം തന്നെയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവര സംരക്ഷണ നിയമത്തിന്റെ അഭാവത്തില്‍ ആധാര്‍ വിവര ശേഖരം പോലുള്ളവ സംരക്ഷിക്കാന്‍ ഏതൊക്കെ സുരക്ഷാ കവചങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. ആധാറുമായി ബന്ധപ്പെട്ട ഡാറ്റാ മോഷണം, സ്വകാര്യതാ ലംഘനം, ഭരണഘടനാ സാധുത എന്നിവ ചൂണ്ടിക്കാട്ടി ആധാറിനെതിരെ സമര്‍പ്പിക്കപ്പെട്ട 27 ഹരജികളിലാണ് ബെഞ്ച് വാദം കേട്ടു വരുന്നത്.
ഫേസ്ബുക്കില്‍ നിന്നു ഡാറ്റ മോഷ്ടിച്ച് യുഎസി തെരഞ്ഞെടുപ്പില്‍ വരെ വോട്ടര്‍മാരെ സ്വാധീനിച്ച പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. 103 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച സുപ്രീം കോടതി പറഞ്ഞിരുന്നു.