കോഴിക്കോട്- പള്ളിയില്‍ വെച്ച് നടത്തിയ നികാഹ് ചടങ്ങില്‍ വരനോടൊപ്പം വധുവിനെ പങ്കെടുപ്പിച്ചതും പരാതി ഉയര്‍ന്നതോടെ മഹല്ല് കമ്മിറ്റി ക്ഷമാപണം നടത്തിയതും സമൂഹ മാധ്യമങ്ങളില്‍ വിവാദമായി.
കുറ്റ്യാടി പാലേരി പാറക്കടവ് മഹല്ല് കമ്മിറ്റിയാണ് വിവാദത്തിലായത്. നടപടി കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് മഹല്ലിന്റെ കീഴിലുള്ള പള്ളിയില്‍ നടന്ന നികാഹ് ചടങ്ങില്‍ വരനോടൊപ്പം വധുവിനേയും പ്രവേശിപ്പിച്ചത്. നികാഹിന് ശേഷം മിമ്പറിനടുത്ത് വെച്ച് ഫോട്ടോകളും എടുത്തിരുന്നു.
പള്ളിയിലെ നികാഹ് വേദിയില്‍ വധുവിന് പ്രവേശനം അനുവദിച്ചത് മഹല്ല് കമ്മിറ്റി അംഗീകരിക്കുന്നില്ലെന്നും മഹല്ല് ജനറല്‍ സെക്രട്ടറിയോട് നികാഹിന് തൊട്ടുമുമ്പാണ് കുടുംബം സമ്മതം ചോദിച്ചതെന്നും മഹല്ല് ജനറല്‍ സെക്രട്ടറി സ്വന്തം നിലക്ക് അനുവാദം നല്‍കിയത് വലിയ വീഴ്ചയാണെന്നുമാണ് ക്മ്മിറ്റി മഹല്ല് നിവാസികളെ അറിയിച്ചിരിക്കുന്നത്.
പള്ളിക്കുള്ളില്‍ ഫോട്ടോ സെഷന് സംഘടിപ്പിച്ചത് അനധികൃതമാണെന്നും ഇതിന് വധുവിന്റെ കുടുംബമാണ് ഉത്തരവാദികളെന്നും കുറിപ്പ് വ്യക്തമാക്കുന്നു. സംഭവം ഗൗരമായ വീഴ്ചയാണെന്ന് മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നും നികാഹിന് സാക്ഷിയായതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള മഹല്ല് കമ്മിറ്റിയുടെ മാപ്പ് പറച്ചിലിനെ ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്.