ന്യൂദല്‍ഹി-വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ നിരോധിക്കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍ എം പി. തിരുവനന്തപുരം ലോ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചത്. ശൂന്യ വേളയിലായിരുന്നു ഹൈബിയുടെ ചോദ്യം. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവിനോടായിരുന്നു ഹൈബി ലോ കോളേജ് വിഷയം ഉന്നയിച്ച് നിരോധന ആവശ്യം ഉന്നയിച്ചത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. അതുകൊണ്ടുതന്നെ ഇത് കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയതായും നിയമമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ചീഫ് സെക്രട്ടറിയോടും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ചതായും നിയമമന്ത്രി അറിയിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ലോ കോളേജില്‍ നടന്ന സംഘര്‍ഷമാണ് പാര്‍ലമെന്റില്‍ ഹൈബി ഉന്നയിച്ചത്. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് യൂണിയന്‍ ഉദ്ഘാടന ദിനത്തിലും തുടര്‍ന്നത്. എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ കോളേജില്‍ ഏറ്റുമുട്ടിപ്പോള്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന അടക്കം രണ്ട് പേര്‍ക്ക് കാര്യമായി പരിക്കേറ്റു. സഫ്‌നയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വലിച്ചിഴച്ച് മര്‍ദ്ദിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കടന്നതോടെ സംഭവം വലിയ തോതില്‍ ചര്‍ച്ചയായി. എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു ക്രൂരമായി മര്‍ദിച്ചെന്നും, പൊലീസ് നോക്കിനിന്നെന്നുമാണ് ആക്രമണത്തിനിരയായ സഫ്‌ന വിശദീകരിച്ചത്. എസ് എഫ് ഐക്കാരുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തില്‍ നിന്നല്ലെന്നും മുന്‍പും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.