തൊടുപുഴ-വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തന്നെ. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.05 അടിയായി ഉയര്‍ന്നു. പെരിയാര്‍ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2382.30 അടിയായി ഉയര്‍ന്നു. വെള്ളം നിറയുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 2383.53 അടിയെത്തിയാല്‍ ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. അടിയന്തിരമായി ഇടുക്കി തുറക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്നലെ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചത്. എറണാകുളം ജില്ലയിലെ സ്ഥിതി കൂടി പരിഗണിച്ച് തീരുമാനം എടുക്കുമെന്നാണ് മന്ത്രി വിശദീകരിക്കുന്നത്.
അതേ സമയം, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവില്‍ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. പറന്പിക്കുളത്ത് നിന്നും തുണക്കടവില്‍ നിന്നും 8500 ക്യുസെക്‌സ് വെള്ളം മാത്രമാണ് ഇപ്പോള്‍ പെരിങ്ങല്‍ക്കുത്തില്‍ എത്തുന്നത്. ചാലക്കുടിക്ക് താഴെയുള്ള അഞ്ച് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചുവരാന്‍ രണ്ടു ദിവസമെടുക്കും. ചാലക്കുടിയില്‍ മാത്രം 40 ക്യാമ്പുകളിലായി 1071 പേരാണുള്ളത്.