കൊച്ചി- നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഹണി എം. വർഗീസിനെ വിചാരണ കോടതി ജഡ്ജി സ്ഥാനത്ത്‌നിന്ന് മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറിക്കി. വിചാരണക്കോടതി ജഡ്ജിയായി ഹണി എം. വർഗീസ് തുടരുന്ന സാഹചര്യത്തിൽ തനിക്കു നീതി കിട്ടുമെന്നു പ്രതീക്ഷയില്ലെന്നു കാണിച്ചു അതിജീവിത ഹൈക്കോടതി റജിസ്ട്രാർക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി റജിസ്ട്രാറുടെ ഓഫിസ് ഈ ആവശ്യം തള്ളി ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി.ബി.ഐ പ്രത്യേക കോടതിയിൽനിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും ഹൈക്കോടതി റജിസ്ട്രാറുടെ ഓഫിസ് രേഖാമൂലം അറിയിച്ചു.
ജഡ്ജി ഹണി വർഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച കത്തിൽ അതിജീവിത പറയുന്നത്. സി.ബി.ഐ കോടതിയിൽ നടക്കുന്ന വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും വനിത ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നില്ലെന്നും അതിജീവിത കത്തിൽ പറയുന്നു.
സി.ബി.ഐ സ്പെഷ്യൽ കോടതി മൂന്നിൽ കെ കെ ബാലകൃഷ്ണൻ പുതിയ ജഡ്ജിയായി എത്തിയതോടെയാണ് ഹണി എം വർഗീസിന്റെ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് ട്രാൻസ്ഫർ ചെയ്തത്. നേരത്തെ പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജിയായ ഹണി എം വർഗീസിന് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സി.ബി.ഐ കോടതിയുടെ ചുമതല നൽകിയത് അതിജീവിതയുടെ ആവശ്യ പ്രകാരമായിരുന്നു. കേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് ഹണി എം വർഗീസിന് ഈ അധിക ചുമതല നൽകിയത്. എന്നാൽ കേസിന്റെ വിചാരണ മുന്നോട്ടുപോയതോടെ അതിജീവിതക്ക് വനിതാ ജഡ്ജിയിലുള്ള വിശ്വാസം നഷ്ടമാകുകയായിരുന്നു. പക്ഷപാതപരമായ നിലപാടാണ് ഹണി വർഗീസിന്റെതെന്നാണ് ആരോപണം.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിജീവിതക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉയർത്തിയിരിക്കുന്നത്. നടി ബലാൽസംഗത്തിനിരയായില്ലെന്ന് ഹർജിയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ ഹർജി കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.
കേസിൽ ഇനിയും 108ൽപരം സാക്ഷികളെ വിസ്തരിക്കാനുണ്ട്. അനുബന്ധ കുറ്റപത്രത്തിലും വിചാരണ തുടങ്ങിയിട്ടില്ല. ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം.