ന്യൂദൽഹി- ബാലിസ്റ്റിക് മിസൈൽ വഹിച്ചുള്ള ചൈനയുടെ കപ്പൽ ശ്രീലങ്കൻ തീരത്തേക്ക്. ഇന്ത്യക്ക് കനത്ത സുരക്ഷാ ഭീഷണി ഉയർത്തിയാണ് കപ്പൽ ശ്രീലങ്കൻ തീരം ലക്ഷ്യമിട്ട് നീങ്ങുന്നത്. നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശത്തിന് പിന്നാലെ മേഖലയിൽ സൈനിക നീക്കത്തിന് ഒരുങ്ങുന്ന ചൈനയുടെ പുതിയ തീരുമാനമാണ് ശ്രീലങ്കൻ തീരത്തേക്കുള്ള യാത്ര എന്നാണ് കണക്കാക്കുന്നത്. ഈ കപ്പൽ ഈ മാസം 11നോ 12നോ ശ്രീലങ്കൻ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഗ്രഹങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും നിറച്ച കപ്പലാണിത്. 400 ജീവനക്കാരുള്ള കപ്പലിൽ വലിയ പാരാബോളിക് ട്രാക്കിംഗ് ആന്റിനയും വിവിധ സെൻസറുകളും സജ്ജീകരിച്ചിരിക്കുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങളിൽ വിന്യസിച്ചാൽ, ഒഡീഷ തീരത്തുള്ള വീലർ ദ്വീപിൽ നിന്ന് ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാനും കപ്പലിന് കഴിഞ്ഞേക്കും.
ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ ട്രാക്ക് ചെയ്യുന്നതിലൂടെ, മിസൈലുകളുടെ പ്രകടനത്തെയും അവയുടെ കൃത്യമായ ദൂരത്തെയും കുറിച്ചുള്ള വിവരങ്ങൾ ചൈനയ്ക്ക് ശേഖരിക്കാനാകും. ആണവനിലയമില്ലാത്ത കപ്പലായതിനാൽ കപ്പൽ ഡോക്ക് ചെയ്യാൻ അനുവദിക്കുമെന്നും എന്നാൽ ഇന്ത്യയുടെ ആശങ്കകൾ അറിയാമെന്നും ശ്രീലങ്കൻ സർക്കാർ പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണത്തിനും നാവിഗേഷനുമായി തങ്ങളുടെ കപ്പൽ അയയ്ക്കുകയാണെന്ന് ചൈന അറിയിച്ചതായി ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയ മാധ്യമ വക്താവ് കേണൽ നളിൻ ഹെറാത്ത് പറഞ്ഞു.