Sorry, you need to enable JavaScript to visit this website.

ഡോക്ടർമാർ സമരം പിൻവലിച്ചു

തിരുവനന്തപുരം - സർക്കാർ ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ച് നടത്തിവന്ന സമരം അവസാനിപ്പിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി സർക്കാർ ഡോക്ടർമാരുടെ  സംഘടനയായ കെ.ജി.എം.ഒ.എ തിങ്കളാഴ്ച രാത്രി നടത്തിയ  ചർച്ചയെ തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രശ്‌നപരിഹാരത്തിന് മുൻകൈയെടുത്തിരുന്നു.
സമരം അവസാനിപ്പിച്ച്  വന്നാൽ ചർച്ചയെന്ന് ആരോഗ്യ മന്ത്രിയും ചർച്ചക്ക് ശേഷം സമരം  അവസാനിപ്പിക്കാമെന്ന് കെ.ജി. എം.ഒ.എയും വാശിപിടിച്ചതാണ്  അനുരഞ്ജനം നീളാൻ കാരണം. തിങ്കളാഴ്ച ഉച്ചക്കു തന്നെ ചർച്ചക്ക് തയാറാണെന്ന് ഡോക്ടർമാർ  അറിയിച്ചിരുന്നെങ്കിലും സമരം അവസാനിപ്പിക്കാതെ ചർച്ചക്കില്ലെന്ന്  ആരോഗ്യ മന്ത്രി നിലപാട് സ്വീകരിച്ചത് സമരം തുടരാൻ ഡോക്ടർമാരെ പ്രേരിപ്പിച്ചു. ബുധനാഴ്ച മുതൽ കിടത്തിചികിത്സ  ബഹിഷ്‌കരിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനായിരുന്നു  തീരുമാനം. തിങ്കളാഴ്ച പല ഘട്ടങ്ങളിലും സമരം അവസാനിക്കുമെന്ന്  കരുതിയെങ്കിലും ഡോക്ടർമാരും സർക്കാരും പിടിവാശിയിൽ  ഉറച്ചതോടെ രാത്രി വരെ അനിശ്ചിതത്വം തുടർന്നു. പിന്നീട്  മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം രാത്രി എട്ടു മണിയോടെ  ആരോഗ്യ മന്ത്രി ഡോക്ടർമാരെ ചർച്ചക്ക് വിളിക്കുകയായിരുന്നു. രാത്രി  നടന്ന ചർച്ചയിലാണ് നാലു ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ  ഡോക്ടർമാർ തീരുമാനിച്ചത്. 
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്‌ന  ഒ.പിക്ക് ആവശ്യമായ  ഡോക്ടർമാരെ നിയമിക്കണമെന്നും പാലക്കാട് കുമരംപുത്തൂരിൽ  സായാഹന ഒ.പിക്ക്  വിസമ്മതിച്ച ഡോക്ടറെ സസ്‌പെൻറ് ചെയ്തതിലും  പ്രതിഷേധിച്ചായിരുന്നു സമരം. ഐ.എം.എ നടത്തിയ അനുരഞ്ജന  ശ്രമങ്ങളെത്തുടർന്നാണ് തിങ്കളാഴ്ച ഉച്ചയോടെ ഡോക്ടർമാർ ചർച്ചക്ക്  തയാറായി ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ എത്തിയത്. 
എന്നാൽ സമരം  അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. ഡോക്ടർമാർക്ക് സന്ദർശനാനുമതിയും നിഷേധിച്ചു. ഇതോടെ പ്രൈവറ്റ്  സെക്രട്ടറിക്ക് നിവേദനം നൽകി ഡോക്ടർമാർ മടങ്ങി. മുഖ്യമന്ത്രിയുടെ  പ്രൈവറ്റ് സെക്രട്ടറിക്കും അവർ നിവേദനം നൽകുകയും ചർച്ചക്ക്  തയാറാണെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്യുകയായിരുന്നു. 


 

Latest News