'മെയ്ഡ് ഇൻ സൗദി അറേബ്യ' എന്ന പേരിൽ സൗദിയുടെ ഉൽപന്നങ്ങൾ ലോക വിപണിയെ കീഴടക്കുന്ന കാലം വിദൂരമല്ല. വിഷൻ 2030 പ്രഖ്യാപന ശേഷം സൗദി ഉൽപാദന രംഗത്ത് കൈവരിച്ച നേട്ടങ്ങൾ അസൂയാവഹമാണ്. രാജ്യത്തിന്റെ റിസോഴ്‌സുകളും മനുഷ്യ വിഭവ ശേഷിയും പരമാവധി പ്രയോജനപ്പെടുത്തി ഉൽപാദന മേഖലകളിൽ, പ്രത്യേകിച്ച് കാർഷിക, വിപണന രംഗത്ത് സ്വയം പര്യാപ്തമാകുന്നതിനുള്ള കഠിന പ്രയത്‌നമാണ് രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്.
എല്ലാ രംഗങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കുക എന്നത് ഏതൊരു രാജ്യത്തിന്റെയും സ്വപ്‌നമാണ്. എന്നാൽ ആ സ്വപ്നം യാഥാർഥ്യമാക്കുക അത്ര എളുപ്പമല്ല. കാരണം സമ്പത്ത് മാത്രമല്ല, പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും മനുഷ്യ വിഭവ ശേഷിയുമെല്ലാം ഒത്തിണങ്ങിയാൽ മാത്രമാണ് അതു സാധ്യമാവുക. അതെല്ലാം ഒത്തിണങ്ങിയ സൗഭാഗ്യം ലഭിച്ച രാജ്യങ്ങൾ ഇല്ലെന്നു വേണം പറയാൻ. സൗദി അറേബ്യയെപ്പോലുള്ള ഊഷര ഭൂമിയുടെ രാജ്യത്ത് ഉൽപാദനം, പ്രത്യേകിച്ച് കാർഷിക വിഭവങ്ങളുടെ ഉൽപാദനം ശ്രമകരമായ കാര്യമാണ്. എണ്ണയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ മറ്റുൽപന്നങ്ങളുടെ നിർമാണവും വിപണനവുമെല്ലാം നടക്കുമോ എന്നായിരിക്കും പലരുടെയും ചിന്ത. എന്നാൽ സൗദിയുടെ കാര്യത്തിൽ ഈ ചിന്തക്ക് അർഥമില്ലാതാവുകയാണ്. കാരണം ഇക്കാര്യങ്ങളിലെല്ലാം കാതലായ മാറ്റമാണ് സൗദിയിൽ വന്നുകൊണ്ടിരിക്കുന്നത്. 'മെയ്ഡ് ഇൻ സൗദി അറേബ്യ' എന്ന പേരിൽ സൗദിയുടെ ഉൽപന്നങ്ങൾ ലോക വിപണിയെ കീഴടക്കുന്ന കാലം വിദൂരമല്ല. വിഷൻ 2030 പ്രഖ്യാപന ശേഷം സൗദി ഉൽപാദന രംഗത്ത് കൈവരിച്ച നേട്ടങ്ങൾ അസൂയാവഹമാണ്. രാജ്യത്തിന്റെ റിസോഴ്‌സുകളും മനുഷ്യ വിഭവശേഷിയും പരമാവധി പ്രയോജനപ്പെടുത്തി ഉൽപാദന മേഖലകളിൽ, പ്രത്യേകിച്ച് കാർഷിക, വിപണന രംഗത്ത് സ്വയം പര്യാപ്തമാകുന്നതിനുള്ള കഠിന പ്രയത്‌നമാണ് രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെയും നേതൃത്വത്തിലുള്ള ഭരണകൂടം നൽകി വരുന്ന പ്രോത്സാഹനം സൗദിയെ സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ മാത്രമല്ല, സ്വയം പര്യാപ്തത കൈവരിക്കുന്നതിലും മറ്റേതൊരു രാജ്യത്തേക്കാളും മുന്നേ നടത്തിക്കുകയാണ്.
സൗദി അറേബ്യയെ ഒരു ഉപഭോക്തൃ രാജ്യമായാണ് അറിയപ്പെട്ടിരുന്നത്. എണ്ണയും അനുബന്ധ ഉൽപന്നങ്ങളുമല്ലാതെ സൗദിയിൽ മറ്റൊരു ഉൽപാദനവും ഇല്ലാത്ത കാലമുണ്ടായിരുന്നു. മൊട്ടുസൂചി മുതൽ വൻകിട യന്ത്രങ്ങൾക്കും ഭക്ഷ്യോൽപന്നങ്ങൾക്കും മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിയിരുന്ന അവസ്ഥ. ഗൾഫ് വിപണിയിൽ ഏറ്റവും ശക്തമാണ് സൗദി വിപണി. എവിടെ നോക്കിയാലും വിദേശ ഉൽപന്നങ്ങൾ മാത്രമാണ് വിപണിയിൽ കണ്ടിരുന്നത്. സൗദി വിപണിയിൽ സ്വാധീനം ഉറപ്പിക്കാൻ വിദേശ രാജ്യങ്ങൾക്കിടയിൽ മത്സരമായിരുന്നു. സൗദിയുടേതായ ഒരു ബ്രാൻഡും വിപണിയിൽ ലഭ്യമല്ലാത്ത അവസ്ഥ. എന്നാൽ ഈ സ്ഥിതിക്കു മാറ്റം വന്നിരിക്കുന്നു. സൗദിക്ക് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും സൗദിയിൽ ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗതിയിലാണ്. അതോടൊപ്പം സൗദി ബ്രാൻഡ് ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും വിപണിയിൽ സ്വാധീനം ഉറപ്പിക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് അതു ലക്ഷ്യത്തിലെത്തക്കുന്നതിനുള്ള പരിശ്രമങ്ങളും നടന്നുവരികയാണ്. ഇതിനായി 2021 മാർച്ച് 28 ന് ആവിഷ്‌കരിച്ച പദ്ധതിയാണ് മെയ്ഡ് ഇൻ സൗദി പ്രോഗ്രാം. കഴിഞ്ഞ വർഷം 152.3 ബില്യൺ ഡോളറിന്റെ ഉൽപന്നങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. ഇറക്കുമതി വർഷം കഴിയുംതോറും കൂടുകയാണ്. രാജ്യം പുരോഗതി കൈവരിക്കുന്നതിനനുസരിച്ച് ആവശ്യമായ സാധനങ്ങളുടെ ഡിമാന്റും വർധിക്കുകയാണ്. ഇതിനു കടിഞ്ഞാൺ ഇട്ടുകൊണ്ട് രാജ്യത്തിന് ആവശ്യമായ വസ്തുക്കൾ കഴിയുന്നത്ര രാജ്യത്തു തന്നെ ഉൽപാദിപ്പിക്കാനായാൽ രാജ്യത്തിന്റെ സമ്പത്ത് പുറത്തേക്ക് ഒഴുകുന്നത് നിയന്ത്രിക്കാനാവുമെന്നു മാത്രമല്ല, മനുഷ്യ വിഭവ ശേഷി പരമാവധി പ്രയോജനപ്പെടുത്താനാവുമെന്ന കണക്കുകൂട്ടലാണ് മെയ്ഡ് ഇൻ സൗദി പ്രോഗ്രാമിന് രൂപം നൽകാൻ ഭരണ കർത്താക്കളെ പ്രേരിപ്പിച്ചത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ വ്യവസായ ധാതു വിഭവ മന്ത്രിയും സൗദി കയറ്റുമതി വികസന അതോറിറ്റി ചെയർമാനുമായ ബന്ദർ അൽഖുറൈഫ് ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഒരു ഏകീകൃത ബ്രാൻഡിനു കീഴിൽ സംരംഭകർക്ക് അവരുടെ ഉൽപാദനം വർധിപ്പിക്കുന്നതിനും പ്രദേശിക, ആഗോള തലത്തിൽ അവരുടെ ഉൽപന്നങ്ങളുടെ വിപണനം സാധ്യമാക്കുന്നതിനും സഹായകമായ നടപടികൾ സ്വീകരിക്കുകയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതു രാജ്യത്തിന്റെ സാങ്കേതികവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഉപകരിക്കും. സൗദി ബ്രാൻഡിന്റെ പ്രചാരണം രാജ്യത്തിന്റെ പുരോഗതിക്കെന്ന പോലെ കീർത്തിക്കും സഹായകമാവുകയും ചെയ്യും.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ അനുയോജ്യമായ വിപണന തന്ത്രങ്ങൾ ആവിഷ്‌കരിച്ച് സൗദി ഉൽപന്നങ്ങൾക്ക് മുൻഗണന ലഭിക്കാൻ മെയ്ഡ് ഇൻ സൗദി പ്രോഗ്രാം വഴി സൗദി കയറ്റുമതി വികസന അതോറിറ്റി നടത്തി വരുന്ന ശ്രമങ്ങൾ വിജയകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക വ്യവസായങ്ങൾക്കും കാർഷിക ഉൽപന്നങ്ങൾക്കും പ്രോത്സാഹനം നൽകുന്നതിന് 99 ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവകൾ അടുത്തിടെ സർക്കാർ ഉയർത്തിയിരുന്നു. ഇത് ആഭ്യന്തര ഉൽപാദനത്തിനും വിപണനത്തിനും ഏറെ പ്രോത്സാഹനം നൽകുന്ന നടപടിയാണ്. മെയ്ഡ് ഇൻ സൗദി പ്രോഗ്രാം ആരംഭിച്ച് ഒരു വർഷം പിന്നിട്ടപ്പോഴേക്കും 1500 ലേറെ കമ്പനികളും 7000 ലേറെ ഉൽപന്നങ്ങളും പദ്ധതിയിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സൗദി ഉൽപന്നങ്ങളുടെ മൂല്യവും സ്ഥാനവും ഉയർത്തുകയാണ് മെയ്ഡ് ഇൻ സൗദി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി മെയ്ഡ് ഇൻ സൗദി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് മാർക്കറ്റിംഗ്, പ്രൊമോഷണൽ സേവനങ്ങളും സർക്കാർ നൽകി വരികയാണ്. ഇതിന്റെ ഭാഗമായി സൗദി കയറ്റുമതി വികസന അതോറിറ്റിയുമായി സഹകരിച്ച് സൗദി വ്യവസായ ഐഡന്റിറ്റി നടപ്പാക്കിയ സൗദി ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന പ്ലാറ്റ്ഫോമുകളും സൈറ്റുകളും സജ്ജീകരിച്ച് വൻകിട, ചില്ലറ വ്യാപാര സ്ഥാപനങ്ങളെ പ്രോത്സാഹിച്ചു വരികയാണ്. മെയ്ഡ് ഇൻ സൗദി പ്രോഗ്രാമിനു കീഴിൽ ദേശീയ വ്യവസായങ്ങളിൽ അഭിമാനവും വിശ്വാസ്യതയും വർധിപ്പിക്കാനും സൗദി ഉൽപന്നങ്ങൾ വാങ്ങാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കാനുമാണിത്. ഇങ്ങനെ സഹകരിക്കുന്ന സ്ഥാപനങ്ങളിൽ അടുത്തിടെ വ്യവസായ മന്ത്രിയും സൗദി കയറ്റുമതി വികസന അതോറിറ്റി ചെയർമാനുമായ ബന്ദർ അൽഖുറൈഫ് സന്ദർശനം നടത്തിയിരുന്നു. സൗദി ഉൽപന്നങ്ങൾക്ക് മുൻഗണന നൽകണമെന്നും സൗദി യുവതീയുവാക്കൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും അവരെ ശാക്തീകരിക്കണമെന്നും സന്ദർശന വേളയിൽ മന്ത്രി ആവശ്യപ്പെട്ടു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിരവധി ശാഖകളുള്ള മൂന്നു വൻകിട ഹൈപർ മാർക്കറ്റുകളിലായിരുന്നു വ്യവസായ മന്ത്രിയുടെ സന്ദർശനം. പടിപടിയായി ഈ കമ്പനികൾക്കു കീഴിലെ മുഴുവൻ ശാഖകളിലും സൗദി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ആവിഷ്‌കരിച്ചു കഴിഞ്ഞു.
സൗദി നിർമിത ഉൽപന്നങ്ങൾക്ക് ആഭ്യന്തര വിപണിയിൽ സ്വാധീനം ഉറപ്പിക്കുന്നതോടൊപ്പം വിദേശ വിപണിയിലും സ്വീകാര്യത ഉണ്ടാക്കുന്നതിനുള്ള പരിപാടികൾക്കും വൻ പ്രോത്സാഹനമാണ് നൽകുന്നത്. എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി പരമാവധി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഫലമായി എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ കഴിഞ്ഞ അഞ്ചു മാസത്തിനിടെ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. നിലവിൽ പെട്രോൾ ഇതര ഉൽപന്നങ്ങൾ 178 രാജ്യങ്ങളിലേക്ക് സൗദി കയറ്റുമതി ചെയ്യുന്നുണ്ട്. ലോകമെങ്ങും സൗദി ബ്രാൻഡിന് വൻ സ്വീകാര്യത ലഭിക്കുന്ന നാളുകളാണ് ഇനി വരാനിരിക്കുന്നത്.