കൊച്ചി- കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്. ഈ മാസം 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലാണ് ഹാജരാകേണ്ടത്. കിഫ്ബി പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമല്ലെന്നും ക്രമക്കേടുകള്‍ ഉണ്ടെന്നുമുള്ള സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിദേശത്തു നിന്നു പണം കൈപ്പറ്റിയെന്നും മസാല ബോണ്ട് ഇറക്കാനായി റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയതില്‍ ക്രമക്കേടുണ്ടായോ എന്നുമാണ് ഇഡി അന്വേഷിക്കുന്നത്.
ജൂലൈ 18ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇഡി സമന്‍സ് ലഭിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമെങ്കിലും പിന്നീട് തനിക്ക് ഉച്ചയ്ക്കു ശേഷം ഇ മെയിലായി നോട്ടീസ് ലഭിച്ചെന്ന് വ്യക്തമാക്കുകയായിരുന്നു. ഇഡി ചില പത്രക്കാര്‍ക്ക് സമന്‍സ് ചോര്‍ത്തി നല്‍കി. ഇഡിക്ക് മുമ്പാകെ ഹാജരാകില്ലെന്നും ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഐസക്ക് വിശദീകരിച്ചിരുന്നു.